യാത്രയ്‌ക്കിടെ ഭക്ഷ്യവിഷബാധ: ജാഗ്രത വേണം; മാർഗനിർദേശവുമായി ഒമാൻ ആരോഗ്യ മന്ത്രാലയം

മസ്‌കത്ത് : വിദേശത്ത് ഭക്ഷ്യവിഷബാധ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാൻ സുരക്ഷാ മുൻകരുതലുകൾ പാലിക്കണമെന്ന് ഒമാൻ ആരോഗ്യമന്ത്രാലയം. കഴിക്കുംമുമ്പ് പഴങ്ങളും പച്ചക്കറികളും നന്നായി കഴുകാനും കട്ടിയുള്ള തൊലികളുള്ള പഴങ്ങൾ തെരഞ്ഞെടുക്കാനും ശ്രദ്ധിക്കണം. ഭക്ഷണത്തിനുമുമ്പും ശേഷവും ശരിയായ ശുചിത്വം പാലിക്കാനും മന്ത്രാലയം യാത്രക്കാരോട് നിർദേശിച്ചു.
അസംസ്കൃതമോ വേവിക്കാത്തതോ ആയ ഭക്ഷണങ്ങൾ, പ്രത്യേകിച്ച് മാംസം, സമുദ്രവിഭവങ്ങൾ എന്നിവ ഒഴിവാക്കണം. പാകംചെയ്ത ഭക്ഷണം ഉടനടി കഴിക്കുന്നുണ്ടെന്നും അവശിഷ്ടങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നുണ്ടെന്നും ഉറപ്പാക്കണം. യാത്രക്കാർ കുപ്പിവെള്ളം ഉപയോഗിക്കാനും ശീതളപാനീയങ്ങളിൽ ഉപയോഗിക്കുന്ന ഐസിന്റെ ഉറവിടം പരിശോധിക്കാനും തയ്യാറാകണം. നിറംമങ്ങിയ വെള്ളത്തിൽ നീന്തുന്നത് ഒഴിവാക്കാൻ ശ്രമിക്കണം. പാൽ, തൈര്, ചീസ് തുടങ്ങിയവ പാസ്ചറൈസ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും മുന്നറിയിപ്പിലുണ്ട്.
തെരുവുകച്ചവടക്കാരിൽനിന്നുള്ള ഭക്ഷണം കഴിക്കുന്നതിനെതിരെയും മന്ത്രാലയം കൂടുതൽ മുന്നറിയിപ്പ് നൽകി. യാത്രയ്ക്കിടെ ആരോഗ്യം സംരക്ഷിക്കുന്നതിന് പ്രതിരോധ നടപടികൾ സ്വീകരിക്കാനും യാത്രക്കാരെ പ്രോത്സാഹിപ്പിച്ചു.









0 comments