Deshabhimani

ഫ്ലൈ ദുബായ് വിമാനത്തിലെ സംഘർഷം; പദ്ധതിയിട്ടത്‌ ചാവേർ ആക്രമണത്തിന്‌

Fly dubai.jpg
വെബ് ഡെസ്ക്

Published on Oct 11, 2026, 07:24 AM | 1 min read

ദുബായ്: ടെൽ അവീവിലേക്ക് പുറപ്പെട്ട ഫ്ലൈ ദുബായ് വിമാനത്തിലെ സഹപൈലറ്റ് ഇസ്രയേലിലെ ബെൻ ഗുരിയോൺ വിമാനത്താവളത്തിൽ ചാവേർ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി യുഎഇ പ്രോസിക്യൂഷൻ. ഒമാൻ സ്വദേശിയായ സഹപൈലറ്റിന്റെ ലക്ഷ്യം പരമാവധി ആളപായം ഉണ്ടാക്കുകയായിരുന്നുവെന്ന് യുഎഇ അറ്റോർണി ജനറൽ ഹമദ് സൈഫ് അൽ ഷംസി അറിയിച്ചു. സെപ്തംബർ 30ന് ദുബായിൽനിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട എഫ്ഇസഡ് 1073 വിമാനം കോക്പിറ്റിലുണ്ടായ സംഘർഷത്തെത്തുടർന്ന് സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിലേക്ക് തിരിച്ചുവിടുകയായിരുന്നു.


ഓസ്ട്രേലിയയിൽ പഠിച്ച ഇയാളിൽ 2017 മുതൽ തീവ്രവാദ ആശയങ്ങളിലേക്കുള്ള ചായ്‌വ് പ്രകടമായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. തീവ്രവാദ സംഘടനകളെയും ചാവേർ ആക്രമണങ്ങളെയും പ്രകീർത്തിക്കുന്ന സാഹിത്യവും ഓൺലൈൻ ഉള്ളടക്കങ്ങളും ഇയാളെ സ്വാധീനിച്ചു. അമേരിക്കയിൽ നടന്ന വേൾഡ്‌ ട്രേഡ്‌ സെന്റർ ആക്രമണത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട ഇയാൾ സമാനമായ രീതിയിൽ വിമാനം ഉപയോഗിച്ച് ആക്രമണം നടത്താൻ തീരുമാനിച്ചതായും മൊഴി നൽകിയിട്ടുണ്ട്. ടെൽ അവീവിലേക്കുള്ള രണ്ട്‌ സർവീസിൽ യാത്രചെയ-്‌ത്‌ വിമാനപാതയെയും വിമാനത്താവളത്തെയും കുറിച്ച് ഇയാൾ വിവരങ്ങൾ ശേഖരിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. മൂന്നാമത്തെ യാത്രയിലാണ് ആക്രമണശ്രമം നടന്നത്.


വിമാനത്തിന്റെ കോക്പിറ്റിൽ ക്യാപ്റ്റൻ സ്മിത്ത്‌ മച്ചാറിനെ അപ്രതീക്ഷിതമായി ആക്രമിക്കുകയും അടിയന്തരാവശ്യങ്ങൾക്കുള്ള കോടാലി ഉപയോഗിച്ച് പരിക്കേൽപ്പിക്കുകയും ചെയ-്‌തെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. ക്യാപ്റ്റൻ പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെ, കോക്പിറ്റ് വാതിൽ അസാധാരണമായി തുറക്കുകയും അടയ-്‌ക്കുകയും ചെയ്യുന്നത് ശ്രദ്ധിച്ച മടക്കയാത്രയ-്‌ക്ക്‌ നിയോഗിക്കപ്പെട്ട മറ്റൊരു പൈലറ്റ് സംഭവത്തിൽ ഇടപെട്ടു. കോക്പിറ്റിൽ പ്രവേശിച്ച പൈലറ്റ് ആക്രമണം നേരിൽക്കണ്ട് വിമാനത്തിലെ ജീവനക്കാരന്റെയും യാത്രക്കാരുടെയും സഹായത്തോടെ പ്രതിയെ കീഴടക്കി. പരിക്കേറ്റ ക്യാപ്റ്റനെ രക്ഷപ്പെടുത്തിയശേഷം മറ്റുപൈലറ്റുമാർ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. തുടർന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കുകയായിരുന്നു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home