പ്രളയഫണ്ട് വകമാറ്റൽ: സലാലയിലും പ്രതിഷേധം ശക്തം

സലാല: 2018-ലെ മഹാപ്രളയത്തിൽ കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽനിന്ന് ശേഖരിച്ച തുക വകമാറ്റി ചെലവഴിച്ചതിൽ സലാലയിലും പ്രതിഷേധം ശക്തമാകുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനായി ശേഖരിച്ച തുക കൈമാറാത്ത ഒമാൻ ഇന്ത്യൻ സ്കൂൾ ഡയറക്‌ടർ ബോർഡിന്റെ നടപടിയിൽ സലാലയിലെ രക്ഷിതാക്കളും വിദ്യാർഥികളും അതൃപ്‌തി അറിയിച്ചു. സലാല ഇന്ത്യൻ സ്കൂളിൽനിന്ന് മാത്രം ഏകദേശം 3000 ഒമാനി റിയാലാണ് (ഏകദേശം ഏഴു ലക്ഷത്തിലധികം രൂപ) സമാഹരിച്ചിരുന്നത്.
കഷ്‌ടപ്പെടുന്നവരെ സഹായിക്കാൻ തങ്ങൾ നൽകിയ വിഹിതം ഇത്തരത്തിൽ ദുരുപയോഗം ചെയ്തത് അംഗീകരിക്കാനാവില്ലെന്ന് രക്ഷിതാക്കൾ പറഞ്ഞു. ബോർഡിന്റെ നടപടിയിൽ രക്ഷിതാക്കൾ വിയോജിപ്പ് രേഖപ്പെടുത്തി. സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി നൽകിയ തുക ലക്ഷ്യസ്ഥാനത്ത് തന്നെ എത്തിചേരണം. തുക എത്രയും വേഗത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചുകൊടുക്കണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു. തുക ദുരിതാശ്വാസ നിധിയിലേക്ക് അടക്കുന്നതുവരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകാനാണ് രക്ഷിതാക്കളുടെയും സലാലയിലെ സാമൂഹ്യപ്രവർത്തകരുടെയും നീക്കം. മാനുഷിക പരിഗണനയോടെ വിദ്യാർഥികൾ തങ്ങളുടെ സമ്പാദ്യത്തിൽനിന്ന് പോലും നൽകിയ പണം വകമാറ്റി ചെലവഴിച്ച ഇന്ത്യൻ സ്കൂൾ ബോർഡിന്റെ നടപടി വിശ്വാസ വഞ്ചനയാണെന്നാണ് രക്ഷിതാക്കൾ പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണവും കുറ്റക്കാർക്കെതിരെ നടപടിയും വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.










0 comments