എത്തിഹാദ് റെയിൽ യാത്രാശൃംഖല വികസിപ്പിക്കുന്നു: ദുബായ്, അൽ ധൈദ് സ്റ്റേഷനുകൾ സെപ്തംബർ 30 മുതൽ

പ്രതീകാത്മക ചിത്രം
ദുബായ്: യുഎഇയിലെ എത്തിഹാദ് റെയിൽ യാത്രാശൃംഖല ഘട്ടംഘട്ടമായി വികസിപ്പിക്കുന്നു. സെപ്തംബർ 30 മുതൽ ദുബായിലെ ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സിന് സമീപമുള്ള ദുബായ് സ്റ്റേഷനും ഷാർജയിലെ അൽ ധൈദ് സ്റ്റേഷനും പ്രവർത്തനം ആരംഭിക്കും. ഇതോടെ രാജ്യത്തെ പ്രധാന ജനവാസ മേഖലകൾ തമ്മിലുള്ള റെയിൽ ബന്ധം കൂടുതൽ ശക്തമാകും. അബുദാബിയെയും ഫുജൈറയെയും ബന്ധിപ്പിച്ചുള്ള സർവീസ് ആരംഭിച്ച് ഒരുമാസം പിന്നിട്ടശേഷമാണ് അടുത്തഘട്ടമായി പുതിയ സ-്‌റ്റേഷനുകൾ പ്രഖ്യാപിച്ചത്.
എത്തിഹാദ് റെയിൽ പ്രഖ്യാപിച്ച സമയക്രമം അനുസരിച്ച് തുടർന്ന് നവംബർ 30ന് അബുദാബിയിലെ അൽ ദഫ്ര മേഖലയിലെ മദീനത് സായിദ്, ലിവ സ്റ്റേഷനുകൾ തുറക്കും.ഡിസംബർ 30തോടെ അൽ സില, അൽ ധന്ന, അൽ മിർഫ സ്റ്റേഷനുകൾ പ്രവർത്തനമാരംഭിക്കും.
അടുത്തവർഷം മാർച്ച് 30ന് ഷാർജ യൂണിവേഴ്സിറ്റി സിറ്റി സ്റ്റേഷൻ തുറക്കുന്നതോടെ യാത്രാ ശൃംഖലയുടെ ആദ്യഘട്ടം പൂർത്തിയാകും.
അബുദാബി–ഫുജൈറ സർവീസിന് ഉദ്ഘാടന ഓഫറിന്റെ ഭാഗമായി 50 ശതമാനം ഇളവ് നൽകുന്നുണ്ട്. കംഫർട്ട് ക്ലാസ് 55 ദിർഹം മുതൽ (സാധാരണ നിരക്ക് 109 ദിർഹം), പ്രീമിയം ക്ലാസ് 120 ദിർഹം മുതൽ (സാധാരണ നിരക്ക് 239 ദിർഹം) എന്നിങ്ങനെയാണ് നിരക്കുകൾ.
സേവർ, വാല്യൂ, ഫ്ലെക-്‌സ് എന്നീ മൂന്ന് നിരക്കുകളാണ് ലഭ്യമാക്കിയിരിക്കുന്നത്. കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും പ്രത്യേക ഇളവുകളും ലഭിക്കും. മറ്റ് റൂട്ടുകളിലെ നിരക്കുകൾ പിന്നീട് പ്രഖ്യാപിക്കും.
അബുദാബിയിൽനിന്ന് ഫുജൈറയിലേക്കുള്ള യാത്രയാണ് എത്തിഹാദ് റെയിലിലെ ഏറ്റവും മനോഹരമായ റൂട്ടെന്ന് യാത്രക്കാർ പറയുന്നു. നഗരക്കാവ്ചകൾ പിന്നിട്ട് മരുഭൂമിയിലൂടെയും ഹജർ മലനിരകളിലെ തുരങ്കങ്ങളിലൂടെയും ഒടുവിൽ ഒമാൻ ഉൾക്കടലിന്റെ തീരത്തുള്ള ഫുജൈറയിലേക്കുമുള്ള യാത്ര നയനാനന്ദകരമാണ്.
ഓരോ സ്റ്റേഷനെയും ഷട്ടിൽ ബസുകൾ, ടാക്സികൾ, പ്രാദേശിക പൊതുഗതാഗത സംവിധാനങ്ങൾ എന്നിവയുമായി ബന്ധിപ്പിക്കും. അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റി സ്റ്റേഷനിൽ നിന്ന് പ്രധാന കേന്ദ്രങ്ങളിലേക്ക് ഷട്ടിൽ സർവീസുകളും ആരംഭിച്ചിട്ടുണ്ട്.
ദുബായിൽ എത്തിഹാദ് റെയിൽ സ്റ്റേഷൻ മെട്രോ, ബസ്, ടാക്സി ശൃംഖലയുമായി നേരിട്ട് ബന്ധിപ്പിക്കും. യാത്രക്കാർക്ക് നോൾ കാർഡ് ഉപയോഗിച്ച് റെയിൽ ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങളിൽ യാത്ര ചെയ്യാനാകും.
പൂർണമായും പ്രവർത്തനസജ്ജമാകുന്നതോടെ എത്തിഹാദ് റെയിലിന്റെ യാത്രാ ശൃംഖല 900 കിലോമീറ്റർ ദൈർഘ്യത്തിൽ യുഎഇയിലെ ഏഴ് എമിറേറ്റുകളിലായി 11 നഗരങ്ങളെയും പ്രദേശങ്ങളെയും ബന്ധിപ്പിക്കും. സൗദി അതിർത്തിക്ക് സമീപമുള്ള അൽ സിലയിൽനിന്ന് കിഴക്കൻ തീരത്തെ ഫുജൈറ വരെയായിരിക്കും റെയിൽപാത വ്യാപിക്കുക.










0 comments