കുവൈത്തിൽ ഈദുൽ ഫിത്തർ അവധി പ്രഖ്യാപിച്ചു; സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനക്രമത്തിൽ മാറ്റം

പ്രതീകാത്മക ചിത്രം
കുവൈത്ത് സിറ്റി : ഈദുൽ ഫിത്തറിനോടനുബന്ധിച്ച് സർക്കാർ മന്ത്രാലയങ്ങൾക്കും പൊതുസ്ഥാപനങ്ങൾക്കും നൽകുന്ന അവധി സംബന്ധിച്ച് സിവിൽ സർവീസ് കമ്മീഷൻ പ്രഖ്യാപനം പുറത്തിറക്കി. റമദാൻ മാസം 29 ദിവസമാണോ 30 ദിവസമാണോ എന്നതിനെ ആശ്രയിച്ചായിരിക്കും അവധിയുടെ ദൈർഘ്യവും സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനക്രമവും നിശ്ചയിക്കപ്പെടുക.
റമദാൻ 30 ദിവസം പൂർത്തിയാകുന്ന പക്ഷം മാർച്ച് 19 വ്യാഴാഴ്ച റമദാനിലെ അവസാന ദിവസമായിരിക്കും. അത്തരം സാഹചര്യത്തിൽ മാർച്ച് 19 മുതൽ സർക്കാർ സ്ഥാപനങ്ങൾക്ക് അവധി ആരംഭിക്കും. വ്യാഴം മുതൽ തിങ്കൾ വരെ അവധി ലഭിക്കുകയും സർക്കാർ ഓഫീസുകൾ മാർച്ച് 24 ചൊവ്വാഴ്ച വീണ്ടും പ്രവർത്തനം ആരംഭിക്കുകയും ചെയ്യും.
അതേസമയം റമദാൻ 29 ദിവസത്തിൽ അവസാനിക്കുന്ന സാഹചര്യത്തിൽ മാർച്ച് 19 വ്യാഴാഴ്ച തന്നെയാണ് ഈദിന്റെ ആദ്യദിനമാകുക. അപ്പോൾ വ്യാഴം മുതൽ ഞായർ വരെ അവധി ലഭിക്കുകയും സർക്കാർ സ്ഥാപനങ്ങൾ മാർച്ച് 23 തിങ്കളാഴ്ച പ്രവർത്തനം പുനരാരംഭിക്കുകയും ചെയ്യും.
പ്രത്യേക സേവനസ്വഭാവമുള്ള ചില സ്ഥാപനങ്ങളിൽ പൊതുതാൽപര്യം പരിഗണിച്ച് ബന്ധപ്പെട്ട അധികാരികൾക്ക് വേറിട്ട രീതിയിൽ അവധി ക്രമീകരണം നിർണയിക്കാമെന്നും അധികൃതർ അറിയിച്ചു. സിവിൽ സർവീസ് കമ്മീഷൻ പ്രസിഡന്റ് ഡോ. ഇസ്സാം സഅദ് അബ്ദുറഹ്മാൻ അൽ-റുബയ്യാൻ ഒപ്പുവെച്ച സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.










0 comments