ad
Deshabhimani

ബലിപെരുന്നാൾ: സ്വകാര്യ മേഖലയ്ക്ക് നാലുദിവസത്തെ അവധി പ്രഖ്യാപിച്ച്‌ യുഎഇ

eid al adha
വെബ് ഡെസ്ക്

Published on May 18, 2026, 08:30 PM | 1 min read

ദുബായ് : രാജ്യത്തെ സ്വകാര്യ മേഖല ജീവനക്കാർക്ക് ബലിപെരുന്നാളിനോടനുബന്ധിച്ച് നാലുദിവസത്തെ ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ച്‌ യുഎഇ. മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പുപ്രകാരം 26 മുതൽ 29 വരെയാണ് അവധി. ശനിയും ഞായറും സ്ഥിരം വാരാന്ത്യ അവധിയായുള്ള ജീവനക്കാർക്ക് ഇതോടെ ആറുദിവസത്തെ തുടർച്ചയായ അവധി ലഭിക്കും. പൊതുമേഖലയിലേതുപോലെ ഒമ്പതുദിവസത്തെ ദീർഘ അവധി സ്വകാര്യ മേഖലയ്ക്കും ലഭിക്കുമെന്ന അഭ്യൂഹങ്ങൾക്കാണ് പുതിയ പ്രഖ്യാപനത്തോടെ വിരാമമായത്.


കഴിഞ്ഞയാഴ്ച സർക്കാർ ജീവനക്കാർക്ക് അഞ്ചുദിവസത്തെ ബലിപെരുന്നാൾ അവധി യുഎഇ പ്രഖ്യാപിച്ചിരുന്നു. ശനി, ഞായർ വാരാന്ത്യ അവധിയും ചേർന്നതോടെ പൊതുമേഖല ജീവനക്കാർക്ക് ഒമ്പതുദിവസത്തെ ദീർഘ അവധിയാണ് ലഭിക്കുന്നത്. രാജ്യത്ത് നടപ്പിലുള്ള ഏകീകൃത അവധി നയപ്രകാരം പൊതുമേഖലയിലും സ്വകാര്യ മേഖലയിലും ഒരേ എണ്ണം അവധിദിനങ്ങൾ ഉറപ്പാക്കണമെന്നാണ് വ്യവസ്ഥ. ഇതുസംബന്ധിച്ച് കൂടുതൽ വ്യക്തത തേടി മന്ത്രാലയവുമായി ബന്ധപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.


അതേസമയം, മൂന്നുദിവസത്തെ വാരാന്ത്യ അവധി നിലനിൽക്കുന്ന ഷാർജ സർക്കാർ ജീവനക്കാർക്ക് പത്തുദിവസത്തോളം നീളുന്ന അവധി ലഭിക്കും. വെള്ളി, ശനി, ഞായർ ദിവസങ്ങളാണ് ഷാർജയിലെ സ്ഥിരം വാരാന്ത്യ അവധി. അതേസമയം, 25ന്‌ വാർഷിക അവധി എടുത്ത് ദീർഘ അവധി ആസ്വദിക്കാൻ സ്വകാര്യ മേഖല ജീവനക്കാരിൽ പലരും തയ്യാറെടുക്കുന്നതായും റിപ്പോർട്ടുകളുണ്ട്. രാജ്യത്തെ സ്കൂളുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഒമ്പതുദിവസത്തെ അവധി ലഭിക്കുന്നതും ഇതിന് കാരണമാകുന്നു.


ചാന്ദ്രദർശന സമിതി 17ന് യോഗം ചേർന്ന് ദുൽഹജ്ജ്‌ മാസപ്പിറവി കണ്ടതിനെ തുടർന്ന് 18ന്‌ ഇസ്ലാമിക കലണ്ടറിലെ അവസാന മാസത്തിന്റെ ആദ്യ ദിവസമായി പ്രഖ്യാപിച്ചിരുന്നു. ഹജ്ജ് തീർഥാടനത്തിലെ ഏറ്റവും പ്രധാന ദിനമായ അറഫ ദിനം ദുൽഹജ്ജ്‌ ഒമ്പതാം തീയതിയായ 26ന്‌ ആചരിക്കും. തുടർന്നാണ് ബലിപെരുന്നാൾ ആഘോഷം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home