ഈദുൽ അദ്ഹ ആഘോഷങ്ങൾ; ദുബായിൽ സമഗ്ര സുരക്ഷാപദ്ധതി

ദുബായ് : ഈദുൽ അദ്ഹ ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ദുബായിലെ ഇവന്റ് സെക്യൂരിറ്റി കമ്മിറ്റി സമഗ്ര സുരക്ഷാ പദ്ധതി തയ്യാറാക്കി. മസ്ജിദുകൾ, ഈദ് പ്രാർഥന മൈതാനങ്ങൾ, റോഡുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, ഷോപ്പിങ് മാളുകൾ, പൊതുവിപണികൾ എന്നിവിടങ്ങളിലെ സുരക്ഷ ഉറപ്പാക്കാനാണ് നടപടി.
ഉത്സവകാലത്ത് പൊതുസുരക്ഷയും ഗതാഗത നിയന്ത്രണവും ഉറപ്പാക്കാനായി 1600-ൽ അധികം സുരക്ഷാ പട്രോളുകൾ, ഹെലികോപ്റ്ററുകൾ, സമുദ്ര യൂണിറ്റുകൾ, രക്ഷാപ്രവർത്തന സംഘങ്ങൾ, അടിയന്തര പ്രതികരണ സംഘങ്ങൾ എന്നിവ വിന്യസിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഈദ് സമയത്തെ ജനക്കൂട്ട നിയന്ത്രണത്തിനും സുരക്ഷാ നടപടികൾക്കുമായി പ്രത്യേക ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ടെന്ന് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു. കൂടുതൽ യാത്രക്കാരുടെ ഒഴുക്ക് നിയന്ത്രിക്കാനായി ദുബായ് ഗതാഗത സംവിധാനങ്ങളും വിപുലീകരിച്ചിട്ടുണ്ട്. അധിക ട്രെയിനുകൾ, ടാക്‌സികൾ, ബസുകൾ, സമുദ്രഗതാഗത സേവനങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.
അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യാനായി കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ 24 മണിക്കൂറും പ്രവർത്തിക്കും. അടിയന്തര സഹായങ്ങൾക്ക് 999 എന്ന നമ്പർ ഉപയോഗിക്കാം. അടിയന്തരമല്ലാത്ത ആവശ്യങ്ങൾക്ക് 901 ഉപയോഗിക്കണമെന്നും അറിയിച്ചു. ഈദ് കാലത്ത് വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും വേഗപരിധി ലംഘിക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ബീച്ചുകൾ, നീന്തൽക്കുളങ്ങൾ, തിരക്കേറിയ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ കുട്ടികളെ ശ്രദ്ധയോടെ നോക്കണം. കുട്ടികളെ പടക്കങ്ങൾ ഉപയോഗിക്കാൻ അനുവദിക്കരുത്. അവ ഗുരുതര പരിക്കിനും തീപിടിത്തത്തിനും സ്വത്തുവക നാശത്തിനും പരിസ്ഥിതി ഹാനിക്കും കാരണമാകാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.









0 comments