‘ഡിഎക്‌സ്‌ബി ഫോർ ഓൾ’ : വെല്ലുവിളി നേരിടുന്നവർക്കായി ക്യാമ്പയിനുമായി ദുബായ് വിമാനത്താവളം

ദുബായ് : ശാരീരിക വെല്ലുവിളി നേരിടുന്നവരെ ചേർത്തുപിടിക്കാൻ ‘ഡിഎക്‌സ്‌ബി ഫോർ ഓൾ’ എന്ന പേരിൽ പുതിയ ക്യാമ്പയിൻ ആരംഭിച്ച് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം. ലോകത്തെ വ്യത്യസ്‌തമായ കാഴ്ചപ്പാടിലൂടെ കാണലും കരുണയും സഹാനുഭൂതിയും വളർത്തലുമാണ് പദ്ധതിയുടെ ലക്ഷ്യം.
‘നമ്മൾ ലോകത്തെ വ്യത്യസ്‌തമായി കാണുന്നു’ എന്ന 2022ലെ പ്രചാരണത്തിന്റെ തുടർച്ചയായാണ് പുതിയ സംരംഭം. ഇത് അടിസ്ഥാന സൗകര്യങ്ങൾക്കപ്പുറം മനോഭാവത്തിലും സാമൂഹിക സംസ്‌കാരത്തിലും ഉൾക്കൊള്ളലിനുള്ള മാറ്റമാണ് ആവശ്യപ്പെടുന്നത്. പാരാലിമ്പിക് നീന്തൽ താരം ജെസിക്ക സ്‌മിത്ത്, ഓട്ടിസം ബാധിത ബാലൻ എല്ലിസ്യും അമ്മ യാസ്‌മിൻ കെയറി, ഓട്ടിസവും എഡിഎച്ച്ഡിയും ബാധിച്ച ലൈത്ത് കമ്മാൽ, കാഴ്ച വെല്ലുവിളിയുള്ളവരുടെ പ്രതിനിധി മുഹമ്മദ് അൽ ഘാഫ്‌ലി, കേൾവി വെല്ലുവിളിയുള്ള സമൂഹത്തെ പ്രതിനിധീകരിക്കുന്ന അഹമ്മദ് ബുട്ടി, എമിറാത്തി ആക്‌സസിബിലിറ്റി പ്രവർത്തക ഫാത്തിമ അൽ ജാസിം എന്നിവരുടെ ജീവിതകഥകളാണ് ക്യാമ്പയിനിൽ ഉൾപ്പെടുത്തിയത്.
കുട്ടിയുടെ ഇന്ദ്രിയങ്ങളോടുള്ള അതിസൂക്ഷ്‌മതയിൽനിന്ന് തുടങ്ങിയുള്ള യാത്രാനുഭവങ്ങൾ, കേൾവി വൈകല്യമുള്ള യാത്രക്കാരുമായി ജീവനക്കാരുടെ ആംഗ്യ ഭാഷ സംവാദങ്ങൾ, കാഴ്ച വെല്ലുവിളിയുള്ള അതിഥികൾക്കുള്ള സ്‌പർശസഹായങ്ങൾ തുടങ്ങിയ വിഷയങ്ങളാണ് കഥകളിലൂടെ പ്രതിപാദിക്കുന്നത്.









0 comments