ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്താൻ നിർമിത ബുദ്ധി സംവിധാനം

ദുബായ്: റോഡ് സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി ദുബായ് പൊലീസ് പുതിയ ഇന്റലിജന്റ് ട്രാഫിക് സിസ്റ്റം അവതരിപ്പിച്ചു. ജൈറ്റക്സ് ഗ്ലോബൽ 2025ൽ പ്രദർശിപ്പിച്ച ഈ നവീന സംവിധാനം പൂർണ്ണമായും സ്വയം പ്രവർത്തിക്കുന്നതാണ്. നിർമിത ബുദ്ധിയും ലൈവ് വീഡിയോ ഫീഡുകളും ഉപയോഗിച്ച് അഞ്ച് പ്രധാന ട്രാഫിക് നിയമലംഘനങ്ങൾ റിയൽ ടൈമിൽ കണ്ടെത്താൻ കഴിയും.
സ്മാർട്ട് ഡാറ്റ അനാലിസിസ് വഴി അതിവേഗത്തിലും കൃത്യതയോടെയും നിയമലംഘനങ്ങൾ രേഖപ്പെടുത്തുന്ന ഈ സംവിധാനം ദുബായ്‍യെ സ്മാർട് സുരക്ഷിത നഗരമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.
പുതിയ നിർമിത ബുദ്ധി സംവിധാനം പൊലീസിന്റെ ഫീൽഡ് പ്രകടനം മാറ്റിമറിക്കുമെന്നും മുമ്പ് മാനുവലായി നടത്തിയിരുന്ന പ്രവർത്തനങ്ങൾ ഓട്ടോമേറ്റ് ചെയ്യുന്നതിലൂടെ പൊലീസിന് കൂടുതൽ തന്ത്രപ്രധാനമായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാകുമെന്നും ലഫ്റ്റനന്റ് എഞ്ചിനീയർ അഹമ്മദ് അൽ ഹമ്മാദി പറഞ്ഞു.
സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കൽ, ഗതാഗതം അനാവശ്യമായി തടസപ്പെടുത്തൽ, യാതൊരു കാരണമില്ലാതെ റോഡിന്റെ നടുക്ക് വാഹനം നിർത്തൽ, വാഹനങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കാതിരിക്കുക - എന്നിവയാണ് നിർമിത ബുദ്ധി സംവിധാനം കണ്ടെത്തുന്ന അഞ്ച് നിയമലംഘനങ്ങൾ
ഐ ടി എസ് സംവിധാനം നിരീക്ഷണത്തിലുള്ള വാഹനങ്ങളുടെ എണ്ണവും രേഖപ്പെടുത്തിയ നിയമലംഘനങ്ങളുടെയും വിവരങ്ങൾ തത്സമയം അധികാരികൾക്ക് ലഭ്യമാക്കും. കൂടാതെ മണിക്കൂറിൽ, ദിവസത്തിൽ, വർഷത്തിൽ എന്നിങ്ങനെ വിശദമായ വിവരങ്ങൾ ഇതിലൂടെ ലഭ്യമാണ് .ഇത് വിവരങ്ങളുടെ ആധികാരികത ഉറപ്പിക്കാൻ സഹായകമാകുമെന്ന് പൊലീസ് അറിയിച്ചു.










0 comments