ദുബായ് ലൂപ്പ് തുരങ്കപാത; ആദ്യഘട്ടം തുടങ്ങി

ദുബായ് : ദുബായ് ലൂപ്പ് ഭൂഗർഭ തുരങ്കപാത പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ ഭാഗമായുള്ള പ്രീകാസ്റ്റ് കോൺക്രീറ്റ് സെഗ്‌മെന്റുകളുടെ നിർമാണം ആരംഭിച്ചു. ആദ്യഘട്ട തുരങ്ക നിർമാണത്തിനായി ഏകദേശം 4.54 കോടി കിലോ ഭാരമുള്ള കോൺക്രീറ്റ് ഉപയോഗിക്കും. ഇതിനായി 25,000 പ്രീകാസ്റ്റ് കോൺക്രീറ്റ് സെഗ്മെന്റുകളാണ് നിർമിക്കുന്നത്. ഓരോ സെഗ്‌മെന്റിനും ഏകദേശം 4000 പൗണ്ട് ഭാരമുണ്ടാകുമെന്നും പദ്ധതിയുടെ നിർമാണം ഏറ്റെടുത്ത ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ദ ബോറിങ് കമ്പനി അറിയിച്ചു.
ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിനെയും ദുബായ് മാളിനെയും ബന്ധിപ്പിക്കുന്ന 6.4 കിലോമീറ്റർ ദൈർഘ്യമുള്ള പരീക്ഷണപാതയാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുന്നത്. ബുർജ് ഖലീഫ, ഡിഐഎഫ്സി–2, സബീൽ ദുബായ് മാൾ പാർക്കിങ്, ഐസിഡി, ബ്രൂക്ക്ഫീൽഡ് പ്ലേസ് എന്നിവിടങ്ങളിലായി നാല് സ്റ്റേഷനുകളാണ് ഈ ഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തുടർഘട്ടത്തിൽ പദ്ധതി 22.5 കിലോമീറ്റർ വിപുലീകരിച്ച് 19 സ്റ്റേഷനുകൾ ഉൾപ്പെടുത്തും. ഇതിലൂടെ ദുബായ് വേൾഡ് ട്രേഡ് സെന്റർ, ഇക്കണോമിക് ഡിസ്‌ട്രിക്‌റ്റ്, ബിസിനസ് ബേ തുടങ്ങിയ പ്രധാന മേഖലകളെ ബന്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
ആദ്യഘട്ട പദ്ധതിക്കായി ഏകദേശം 60 കോടി ദിർഹം ചെലവ് പ്രതീക്ഷിക്കുന്നു. ഒരുവർഷത്തിനകം നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. മുഴുവൻ പദ്ധതിക്കും ഏകദേശം 250 കോടി ദിർഹം ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. സമ്പൂർണ പദ്ധതി മൂന്നുവർഷത്തിനകം പൂർത്തിയാകും. ആദ്യഘട്ടം പ്രവർത്തനക്ഷമമാകുന്നതോടെ പ്രതിദിനം 13,000 യാത്രക്കാർക്ക് സേവനം നൽകാൻ കഴിയുമെന്നാണ് വിലയിരുത്തൽ. പദ്ധതി പൂർണതോതിൽ നടപ്പായാൽ പ്രതിദിന യാത്രാശേഷി 30,000 ആയി ഉയരും. നിലവിൽ ഏകദേശം 20 മിനിറ്റ് വേണ്ടിവരുന്ന യാത്ര വെറും മൂന്ന് മിനിറ്റായി ചുരുങ്ങുമെന്നാണ് പ്രതീക്ഷ.










0 comments