ഡീപ്‌ഫേക്ക് വീഡിയോ തിരിച്ചറിയൽ; എഐ മാതൃകയുമായി ദുബായ്

പ്രതീകാത്മകചിത്രം
ദുബായ് : ഡീപ്‌ഫേക്ക് വീഡിയോകൾ കണ്ടെത്താനായി ദുബായ് ഇലക്ട്രോണിക് സെക്യൂരിറ്റി സെന്റർ (ഡിഇഎസ്‌സി) വികസിപ്പിച്ച നിർമിത ബുദ്ധി മാതൃക ഈ വർഷം അവസാനത്തോടെ പുറത്തിറക്കും. ‘സറാബ്’ എന്ന് പേരിട്ട മാതൃകയ്ക്ക് ഡീപ്‌ഫേക്ക് വീഡിയോകൾ കണ്ടെത്തുന്നതിൽ 91 ശതമാനം കൃത്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ലോകത്തെ ഉയർന്ന കൃത്യതയുള്ള ഡീപ്‌ഫേക്ക് കണ്ടെത്തൽ മാതൃകകളിലൊന്നാണിത്.
വീഡിയോ പരിശോധിച്ച് മുഖത്തിന്റെ ഡീപ്‌ഫേക്ക് ചെയ്ത ഭാഗങ്ങൾ ഹീറ്റ് മാപ്പിലൂടെ പ്രത്യേകം അടയാളപ്പെടുത്തുന്നതാണ് സറാബിന്റെ പ്രധാന സവിശേഷത. രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ അവസാന 30 സെക്കൻഡ് മാത്രമാണ് ഡീപ്‌ഫേക്ക് ചെയ്തതെങ്കിൽ പോലും ആ ഭാഗം കൃത്യമായി കണ്ടെത്താൻ മാതൃകയ്-ക്ക് കഴിയുമെന്ന് ഡിഇഎസ്‌സിയിലെ മുതിർന്ന എഐ എക-്‌സിക്യൂട്ടീവ് ഹസൻ മജീദ് അൽഖസ്‌റാജി പറഞ്ഞു.
മൂന്നുദിവസത്തെ ജിസെക് ഗ്ലോബൽ സൈബർ സുരക്ഷാ പ്രദർശനത്തിന്റെയും സമ്മേളനത്തിന്റെയും ആദ്യദിനത്തിലാണ് ഡിഇഎസ്‌സി പ്രഖ്യാപനം.
16 മുതൽ 18 വരെ എക്സ്‌പോ സിറ്റിയിലെ ദുബായ് എക്‌സിബിഷൻ സെന്ററിലാണ് ജിസെക് ഗ്ലോബൽ നടക്കുന്നത്. ഓപ്പൺ സോഴ്‌സ് പ്ലാറ്റ്‌ഫോമായ ഹഗിങ് ഫേസിൽ സറാബ് ലഭ്യമാക്കും. ഉപയോക്താക്കൾക്ക് ഇതിന്റെ സോഴ്‌സ് കോഡ് പരിശോധിക്കാനും ആവശ്യാനുസരണം പരിഷ്‌കരിക്കാനും സാധിക്കും. അറബ് മേഖലയിലെ സർക്കാർ സ്ഥാപനം വികസിപ്പിക്കുന്ന ആദ്യ മാതൃകയാണിതെന്നും ഡിഇഎസ്‌സി അറിയിച്ചു. കഴിഞ്ഞ ആറുമാസമായി മാതൃകയുടെ വികസനത്തിൽ ഡിഇഎസ്‌സി പ്രവർത്തിച്ചുവരികയാണ്. ഡീപ്‌ഫേക്ക് ഉപയോഗിച്ച് വ്യാജ പരസ്യങ്ങൾ സൃഷ്ടിക്കുന്ന സംഭവങ്ങൾ വർധിക്കുന്നതിനെക്കുറിച്ച് വിവിധ സർക്കാർ സ്ഥാപനങ്ങൾ ഉന്നയിച്ച ആശങ്കകളാണ് പദ്ധതിക്ക് പ്രേരണയായത്.










0 comments