ഡ്രോണാക്രമണം: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു

എമിറേറ്റ്സ് എയർലൈൻസ്
ദുബായ്: സുരക്ഷാ മുൻകരുതൽ നടപടിയുടെ ഭാഗമായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (ഡിഎക്സ്ബി ) വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. എല്ലാ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായാണ് ഈ നടപടി സ്വീകരിച്ചതെന്ന് ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെ നൽകിയ അറിയിപ്പിലാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം വ്യക്തമാക്കിയത്. യാത്രക്കാർ തങ്ങളുടെ വിമാന സർവീസുകളുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ അറിയാൻ ബന്ധപ്പെട്ട എയർലൈൻസുമായി ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു.
വിമാനത്താവളത്തിന് സമീപം ഉണ്ടായ ഡ്രോൺ സംഭവത്തെ തുടർന്ന് ഇന്ധന ടാങ്കുകളിൽ ഒന്നിന് സമീപം തീപിടിത്തമുണ്ടായതിനു പിന്നാലെയാണ് പ്രഖ്യാപനം വന്നത്. തുടർന്ന് അധികൃതർ തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു. ഇതിനിടെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വരാനിരുന്ന ചില വിമാനങ്ങൾ അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് (ഡിഡബ്യുസി ) തിരിച്ചുവിട്ടതായി ദുബായ് എയർപോർട്ട്സ് അറിയിച്ചു. സംഭവത്തെ തുടർന്ന് ദുബായിലേക്കും ദുബായിൽ നിന്നുമുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചതായി എമിറേറ്റ്സ് എയർലൈൻസും അറിയിച്ചു.
തീപിടിത്തത്തിന് പിന്നാലെ വിമാനത്താവള പ്രദേശത്തെ നിരവധി റോഡുകളും താൽക്കാലികമായി അടച്ചിട്ടുണ്ട്. എയർപോർട്ട് റോഡിലും എയർപോർട്ട് ടണലിലുമുള്ള ഗതാഗതം താൽക്കാലികമായി നിര്‍ത്തിവെച്ചതായി ദുബായ് പോലീസ് വ്യക്തമാക്കി. വാഹനയാത്രക്കാർ പകരം റോഡുകൾ ഉപയോഗിക്കണമെന്ന് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. കാസബ്ലാങ്ക സ്ട്രീറ്റിലേക്കുള്ള ഗർഹൂദ് പാലം താൽക്കാലികമായി അടച്ചതായും, കൂടാതെ കാർഗോ വില്ലേജ്, മറാക്കേഷ് സ്ട്രീറ്റ് ജംഗ്ഷനുകൾ വഴി വിമാനത്താവളത്തിലേക്കുള്ള ഗതാഗതവും നിയന്ത്രിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.











0 comments