ad
Deshabhimani

കുവൈത്തിനെയും യുഎഇയെയും ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണം

Drone attack

ഫയൽ ചിത്രം

വെബ് ഡെസ്ക്

Published on May 10, 2026, 08:00 PM | 2 min read

കുവൈത്ത് സിറ്റി/ദുബായ്/മനാമ: വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കെ, ഞായര്‍ പുലര്‍ച്ചെ കുവൈത്തിനെയും യുഎഇയെയും ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണം. തങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ കടന്നുകയറിയ ഡ്രോണുകളെ വിജയകരമായി പ്രതിരോധിച്ചതായി കുവൈത്ത്‌ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. പുലർച്ചെ സമയത്ത്‌ കണ്ടെത്തിയ ഡ്രോണുകൾ സുരക്ഷാ സംവിധാനങ്ങൾ ഇടപെട്ട് തകർത്തതായി മന്ത്രാലയ വക്താവ് കേണൽ സൗദ് അബ്ദുൾ അസീസ് അൽ -അത്വാൻ അറിയിച്ചു.


ഞായറാഴ്ച രണ്ട് ഡ്രോൺ ആക്രമണശ്രമങ്ങൾ രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സംഭവത്തിൽ മരണങ്ങളോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇറാനുമായി ബന്ധപ്പെട്ട ആക്രമണ പരമ്പര ആരംഭിച്ചശേഷം യുഎഇയുടെ വ്യോമ പ്രതിരോധ സേന 551 ബാലിസ്റ്റിക് മിസൈലും 29 ക്രൂയിസ് മിസൈലും 2265 ഡ്രോണും തകർത്തതായും മന്ത്രാലയം വ്യക്തമാക്കി.


ഖത്തര്‍ തീരത്ത് ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് വാണിജ്യ കപ്പലില്‍ തീപിടിത്തമുണ്ടായി. അബുദാബിയില്‍നിന്നും ഖത്തറിലെ മിസൈദ് തുറമുഖത്തേക്ക് വരികയായിരുന്ന വാണിജ്യ ചരക്കുകപ്പലിനുനേരെ രാവിലെയാണ് ഡ്രോണ്‍ ആക്രമണമുണ്ടായത്. ഇക്കാര്യം ഖത്തര്‍ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. മെസായീദ് തുറമുഖത്തിന് വടക്കുകിഴക്ക് 43 കിലോമീറ്റര്‍ അകലെ ഖത്തറിന്റെ പ്രാദേശിക ജലാതിര്‍ത്തിയിലാണ് ആക്രമണം.


കപ്പലില്‍ തീപിടിത്തമുണ്ടായെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് മന്ത്രാലയം എക്‌സിലൂടെ അറിയിച്ചു. തീയണച്ചശേഷം കപ്പല്‍ തുറമുഖത്തേക്ക് യാത്ര തുടര്‍ന്നു. ബന്ധപ്പെട്ട അധികാരികളുമായി ഏകോപനം നടത്തി ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. അമേരിക്കന്‍ പതാക വാഹകരായ ചരക്കുകപ്പലിനെയാണ് ആക്രമിച്ചതെന്ന് ഇറാനിലെ ഫാര്‍സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.


ഇതിനിടെ, ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ സേനയും യുഎസ് നാവികസേനയും തമ്മില്‍ ഏറ്റുമുട്ടൽ നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. മേഖലയില്‍ ഉടനീളം കടുത്ത ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. ചരക്കുനീക്കം ഭാഗികമായി തടസ്സപ്പെട്ടതോടെ ഹോര്‍മുസ് കടലിടുക്കില്‍ യുദ്ധസമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. അമേരിക്കന്‍ ഉപരോധം പാലിക്കുന്ന രാജ്യങ്ങളുടെ കപ്പലുകള്‍ക്ക് ഹോര്‍മുസ് കടക്കാന്‍ ബുദ്ധിമുട്ട് നേരിടേണ്ടി വരുമെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് മുന്നറിയിപ്പ് നല്‍കി.


മേഖലയില്‍ സംഘര്‍ഷം കടുക്കുന്നതിനിടെ, ഇറാഖിലെ പടിഞ്ഞാറന്‍ മരുഭൂമിയില്‍ ഇസ്രയേല്‍ രഹസ്യ സൈനിക താവളം സ്ഥാപിച്ചതായി ‘വാള്‍സ്ട്രീറ്റ് ജേര്‍ണല്‍' റിപ്പോര്‍ട്ട് ചെയ്തു. ഇറാനെതിരായ ആക്രമണങ്ങള്‍ക്ക് പിന്തുണ നല്‍കാനായി അമേരിക്കയുടെ അറിവോടെയാണ് താവളം നിര്‍മിച്ചതെന്ന് റിപ്പോര്‍ട്ടിലുണ്ട്‌. മാര്‍ച്ചില്‍ ഈ താവളത്തിന് സമീപമെത്തിയ ഇറാഖി സൈനികര്‍ക്കുനേരെ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയതായും റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home