ad
Deshabhimani

ഗള്‍ഫ് മേഖലകളില്‍ വീണ്ടും ഡ്രോണ്‍ ആക്രമണം

drone oman

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Mar 16, 2026, 02:16 PM | 1 min read

കുവൈറ്റ് സിറ്റി : കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് റഡാര്‍ സംവിധാനത്തിന് കേടുപാടുകള്‍ സംഭവിച്ചു. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് കുവൈറ്റ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. കുവൈറ്റിലെ അഹമ്മദ് അല്‍ ജാബര്‍ എയര്‍ ബേസിന് സമീപം ഡ്രോണ്‍ പതിച്ച് മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു.


ശനിയാഴ്ച അര്‍ധരാത്രിയാണ് അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമിട്ട് ആക്രമണമുണ്ടായത്. നിരവധി ഡ്രോണുകളാണ് വിമാനത്താവളത്തിലേക്ക് എത്തിയതെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. രാത്രി കുവൈത്ത് എയര്‍ഫോഴ്‌സ് ആസ്ഥാനമായ അഹമ്മദ് ജാബര്‍ എയര്‍ബേസിനെ ലക്ഷ്യമിട്ട് എത്തിയ ഡ്രോണുകളില്‍ മൂന്നെണ്ണം തകര്‍ത്തെങ്കിലും രണ്ട് എണ്ണം ബേസില്‍ വീഴുകയായിരുന്നുവെന്ന് പ്രതിരോധ മന്ത്രാലയം വക്താവ് അറിയിച്ചു. ഇത് നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയെന്നും അറിയിച്ചു.


ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ യുഎഇ ലക്ഷ്യമാക്കി വന്ന നാല് ബാലിസ്റ്റിക് മിസൈലുകളും ആറ് ഡ്രോണുകളും പ്രതിരോധ സംവിധാനങ്ങള്‍ ആകാശത്തുവെച്ച് തകര്‍ത്തു. അല്‍ ദഫ്ര എയര്‍ ബേസിനെ ലക്ഷ്യമിട്ട് പത്തോളം മിസൈലുകള്‍ തൊടുത്തതായി ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് അവകാശപ്പെട്ടു. യുഎഇയിലെ മൂന്ന് പ്രധാന തുറമുഖങ്ങളില്‍ നിന്ന് ഒഴിഞ്ഞുപോകാണമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി.


സൗദി തലസ്ഥാനമായ റിയാദിലും കിഴക്കന്‍ പ്രവിശ്യയിലും നാല് ഡ്രോണുകള്‍ തകര്‍ത്തു. അല്‍ഖര്‍ജ് ഗവര്‍ണറേറ്റില്‍ ആറ് ബാലിസ്റ്റിക് മിസൈലുകളാണ് സൗദി സേന തടഞ്ഞത്. ബഹ്‌റൈന്റെ തെക്കന്‍ ഭാഗത്തുള്ള ഒരു കേന്ദ്രം ലക്ഷ്യമിടാനുള്ള ഇറാന്‍ ശ്രമം പരാജയപ്പെടുത്തിയതായി നാഷണല്‍ കമ്മ്യൂണിക്കേഷന്‍ സെന്റര്‍ പ്രഖ്യാപിച്ചു.


ഇറാഖിലെ കുര്‍ദിസ്ഥാന്‍ മേഖലയിലുള്ള ലാനാസ് റിഫൈനറിക്ക് നേരെയും ഡ്രോണ്‍ ആക്രമണമുണ്ടായി. ഇതേത്തുടര്‍ന്ന് ഈ റിഫൈനറിയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കടത്ത് ഏതാണ്ട് പൂര്‍ണ്ണമായും തടസ്സപ്പെട്ടതോടെ ആഗോള വിപണിയില്‍ എണ്ണവില 100 ഡോളറിന് മുകളില്‍ കുതിച്ചുയരുകയാണ്. സുരക്ഷാ കാരണങ്ങളാല്‍ ബഹ്‌റൈനിലും സൗദി അറേബ്യയിലും നടക്കാനിരുന്ന ഫോര്‍മുല വണ്‍ ഗ്രാന്‍് പ്രി മത്സരങ്ങള്‍ ഔദ്യോഗികമായി റദ്ദാക്കിയതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home