ഡിജിറ്റൽ സ്വകാര്യത ലംഘനം: സുഹൃത്തിന്റെ ചിത്രം പങ്കുവെച്ച യുവതിക്ക് 85,000 ദിർഹം പിഴ

ദുബായ്: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട സുഹൃത്തിന്റെ സ്വകാര്യ ചിത്രം അനുമതിയില്ലാതെ പങ്കുവെച്ച യുവതിക്ക് 85,000 ദിർഹം പിഴ. ഡിജിറ്റൽ സ്വകാര്യത ലംഘനവുമായി ബന്ധപ്പെട്ട കേസിൽ സ്ക്രീൻഷോട്ടുകളും സന്ദേശങ്ങളും പരിശോധിച്ചാണ് നടപടി. സോഷ്യൽ മീഡിയയിൽ സുഹൃത്തിന്റെ ചിത്രങ്ങളും പോസ്റ്റുകളും പതിവായി കാണാറുണ്ടായിരുന്ന യുവതി, ഒരിക്കൽ സുഹൃത്തിന്റെ ചിത്രം സ്ക്രീൻഷോട്ടായി സേവ് ചെയ്തിരുന്നു. പിന്നീട് മറ്റൊരാളുമായി നടത്തിയ സംഭാഷണത്തിനിടെ, സുഹൃത്തിന്റെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട ചാറ്റുകളും ആ സ്ക്രീൻഷോട്ടും അയച്ചു നൽകുകയായിരുന്നു.
എന്നാൽ ഈ വിവരങ്ങൾ പിന്നീട് സോഷ്യൽ മീഡിയയിൽ പരസ്യമായി പ്രചരിച്ചു. സ്വന്തം സ്വകാര്യ ചിത്രവും വിവരങ്ങളും അനുമതിയില്ലാതെ പുറത്തായതായി മനസ്സിലാക്കിയ യുവതി അധികൃതർക്ക് പരാതി നൽകുകയായിരുന്നു. പരാതിയെ തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥർ ഇരുവരുടെയും മൊബൈൽ ഫോണുകളും സന്ദേശങ്ങളും പരിശോധിച്ചു.
ഡിജിറ്റൽ സ്വകാര്യത നിയമപരമായി സംരക്ഷിക്കപ്പെടുന്ന അവകാശമാണെന്ന് നിയമ ഉപദേഷ്ടാവ് അഹമ്മദ് അൽ സറൂനി വ്യക്തമാക്കി. മറ്റൊരാളുടെ ചിത്രങ്ങളോ വ്യക്തിഗത വിവരങ്ങളോ അവരുടെ സമ്മതമില്ലാതെ പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
2021-ലെ ഫെഡറൽ ഡിക്രി-ലോ നമ്പർ 34 (സൈബർ കുറ്റകൃത്യങ്ങൾ നേരിടുന്നതിനുള്ള നിയമം) പ്രകാരമുള്ള ആർട്ടിക്കിൾ 44 അനുസരിച്ച്, സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരാളുടെ സ്വകാര്യത ലംഘിക്കുന്നത് കുറ്റകരമാണ്. അനുമതിയില്ലാതെ മറ്റൊരാളുടെ ചിത്രങ്ങൾ പകർത്തുക, സൂക്ഷിക്കുക, കൈമാറുക, വെളിപ്പെടുത്തുക, പ്രസിദ്ധീകരിക്കുക തുടങ്ങിയ പ്രവൃത്തികൾക്ക് കുറഞ്ഞത് ആറുമാസം തടവോ 1.5 ലക്ഷം മുതൽ 5 ലക്ഷം ദിർഹം വരെ പിഴയോ, അല്ലെങ്കിൽ രണ്ടും ഒരുമിച്ചോ ശിക്ഷ ലഭിക്കാം. കേസിൽ പിന്നീട് പരാതിക്കാരിയും പ്രതിയും ഒത്തുതീർപ്പിലെത്തിയതിനെ തുടർന്ന് കേസ് അവസാനിപ്പിച്ചു.











0 comments