ദേവിക കലാക്ഷേത്ര അക്കാദമി നാളെ ഉദ്‌ഘാടനം ചെയ്യും

ദേവിക കലാക്ഷേത്ര കമ്പനി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ
ദമ്മാം: ദേവിക കലാക്ഷേത്ര കമ്പനി പൂർണ അക്കാദമിയായി പ്രവർത്തനം ആരംഭിക്കുന്നതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ശനിയാഴ്‌ച ദമ്മാം ഗ്രാൻഡ് ഹോട്ടലിലാണ് ഉദ്ഘാടനച്ചടങ്ങ്. ഇന്ത്യൻ കലാരൂപങ്ങളെ സൗദി അറേബ്യൻ സമൂഹത്തിലേക്ക് കൂടുതൽ അടുപ്പിക്കാനും സാംസ്‌കാരിക ബന്ധം ശക്തമാക്കാനുമാണ് സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്. സൗദി കിഴക്കൻ പ്രവിശ്യയിലെ 18 വർഷത്തെ കലാപ്രവർത്തനത്തിനുശേഷമാണ് സർക്കാർ അംഗീകാരത്തോടെ അക്കാദമി ആരംഭിക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.
രാജ്യത്തെ വിനോദ, കലാ-സാംസ്‌കാരിക പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന പൊതുവിനോദ അതോറിറ്റി (ജിഇഎ)യുടെ അംഗീകാരത്തോടെയാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, വോക്കൽ, ഇൻസ്ട്രുമെന്റൽ, ഡ്രോയിങ്, വെസ്റ്റേൺ ഡാൻസ് എന്നീ കോഴ്സുകൾ ലഭ്യമാണ്. സർക്കാർ അംഗീകൃത ബോർഡുകളുടെ മാർഗനിർദേശപ്രകാരം നടത്തുന്ന ഡിപ്ലോമയും അഡ്വാൻസ്ഡ് ഡിപ്ലോമയും വിദ്യാർഥികൾക്ക് പ്രൊഫഷണൽ യോഗ്യത നൽകുന്നു. നൃത്തവസ്ത്രങ്ങൾ, ആഭരണങ്ങൾ, സ്റ്റേജ് ആക്സസറികൾ എന്നിവ വാടകയ്ക്ക് ലഭ്യമാക്കുന്ന സംവിധാനവും ഒരുക്കുന്നുണ്ട്. ഡയറക്‌ടർമാരായ ഗുരു സൗമ്യ താണിക്കോട്ടുകുളം, അനുജ മേലേപറമ്പിൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.









0 comments