ad
Deshabhimani

പ്രവാസി പെൻഷൻ മുടങ്ങൽ; വ്യക്തമാകുന്നത്‌ സർക്കാരിന്റെ ഗുരുതര അനാസ്ഥ: കല കുവൈത്ത്

kala kuwait pravasi pension
വെബ് ഡെസ്ക്

Published on Jul 15, 2026, 03:38 PM | 1 min read

കുവൈത്ത് സിറ്റി : കേരള പ്രവാസി ക്ഷേമനിധി ബോർഡിന്റെ പെൻഷൻ മൂന്നുമാസമായി മുടങ്ങിയത് സംസ്ഥാനത്തെ യുഡിഎഫ്‌ സർക്കാരിന്റെ ഗുരുതര അനാസ്ഥയാണെന്ന് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല) കുവൈത്ത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കഠിനാധ്വാനം ചെയ്ത്‌ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക്‌ നട്ടെല്ലായി മാറിയ പ്രവാസി സമൂഹത്തോടുള്ള കടുത്ത അവഗണനയാണിത്‌. ജീവിതകാലം മുഴുവൻ ക്ഷേമനിധിയിലേക്ക് വിഹിതം അടച്ച പ്രവാസികൾക്ക് അർഹമായ പെൻഷൻപോലും സമയബന്ധിതമായി വിതരണം ചെയ്യാൻ കഴിയുന്നില്ല. സർക്കാർ സംവിധാനത്തിന്റെ ഗുരുതര വീഴ്ച വ്യക്തമാക്കുന്നതാണ്‌ നിലവിലെ സാഹചര്യം.


മാസം 3000 മുതൽ 7000 രൂപവരെ ലഭിക്കുന്ന പെൻഷനാണ് ആയിരക്കണക്കിന് വയോജന പ്രവാസികളുടെയും അവരുടെ കുടുംബങ്ങളുടെയും പ്രധാന ആശ്രയം. ചികിത്സ, മരുന്ന്, നിത്യജീവിതച്ചെലവുകൾ എന്നിവ ഈ തുകയെ ആശ്രയിച്ചാണ് പലരും മുന്നോട്ടുപോകുന്നത്. മൂന്നുമാസത്തെ പെൻഷൻ കുടിശ്ശികയായതോടെ നിരവധി കുടുംബങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്‌. ക്ഷേമപദ്ധതികൾ പ്രഖ്യാപിക്കുന്നതിൽ മാത്രം ഒതുങ്ങാതെ അവ കാര്യക്ഷമമായി നടപ്പാക്കാനുള്ള ഉത്തരവാദിത്വം സർക്കാർ നിറവേറ്റണം. പ്രവാസികളുടെ വിയർപ്പിൽ പടുത്തുയർത്തപ്പെട്ട കേരളത്തിന്റെ വികസന ചരിത്രം വിസ്മരിച്ച് അവരുടെ അവകാശങ്ങൾ നിഷേധിക്കുന്ന സമീപനം അംഗീകരിക്കാനാകില്ല. പ്രവാസികളുടെ ക്ഷേമം സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണ്‌.


കേരള പ്രവാസി ക്ഷേമനിധി ബോർഡിന് ആവശ്യമായ സാമ്പത്തിക സഹായം അടിയന്തരമായി അനുവദിച്ച് കുടിശ്ശിക പെൻഷൻ കാലതാമസമില്ലാതെ വിതരണം ചെയ്യാൻ സർക്കാർ നടപടി സ്വീകരിക്കണം. ഭാവിയിൽ ഇത്തരം സാഹചര്യം ആവർത്തിക്കാതിരിക്കാൻ സ്ഥിരമായ സാമ്പത്തിക സംവിധാനവും സമയബന്ധിത പെൻഷൻ വിതരണത്തിനുള്ള വ്യക്തമായ നടപടിക്രമവും ഉറപ്പാക്കണം. മുഴുവൻ കുടിശ്ശികയും വിതരണം ചെയ്യുന്നതുവരെ പ്രവാസിസമൂഹത്തിന്റെ ന്യായമായ ആവശ്യങ്ങൾക്കായി ശക്തമായി തുടരുമെന്നും കല കുവൈത്ത് പ്രസിഡന്റ് അൻസാരി കടയ്ക്കലും ജനറൽ സെക്രട്ടറി ജിതിൻ പ്രകാശും വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home