കറൻസി വിനിമയം കുറഞ്ഞു: കുവൈത്തിൽ ഡിജിറ്റൽ ഇടപാട് വർധിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലെ പണമിടപാട് രംഗത്ത് അടിസ്ഥാനപരമായ മാറ്റം സംഭവിക്കുന്നതായി റിപ്പോർട്ട്. രാജ്യത്ത് പ്രചാരത്തിലുള്ള കറൻസിയുടെ സഞ്ചാരത്തിൽ കഴിഞ്ഞ വർഷം ഗണ്യമായ ഇടിവ് രേഖപ്പെടുത്തി. പരമ്പരാഗത പണം കൈമാറ്റങ്ങളിൽനിന്ന് ഡിജിറ്റൽ സംവിധാനങ്ങളിലേക്കുള്ള മാറ്റം കൂടുതൽ ശക്തമായെന്നും റിപ്പോർട്ടിലുണ്ട്. കുവൈത്ത് സെൻട്രൽ ബാങ്ക് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കറൻസി സഞ്ചാരമൂല്യം 2025 അവസാനത്തോടെ 193 കോടി കുവൈത്ത് ദിനാറായി കുറഞ്ഞു. 2024-ന്റെ അവസാനത്തിൽ ഏകദേശം 219 കോടി കുവൈത്ത് ദിനാർ ആയിരുന്നു. ഏകദേശം 2.7 ശതമാനത്തിലധികം ഇടിവാണ് രേഖപ്പെടുത്തിയത്. ഡെബിറ്റ്–ക്രെഡിറ്റ് കാർഡുകൾ, മൊബൈൽ ആപ്പുകൾ, ഓൺലൈൻ ബാങ്കിങ് സംവിധാനങ്ങൾ എന്നിവയുടെ വ്യാപക സ്വീകരണം മാറ്റത്തിന് കാരണമായി. ദൈനംദിന ഇടപാടുകളിൽ പണത്തിന് പകരം ഡിജിറ്റൽ പണമടയ്ക്കൽ മാർഗങ്ങൾ കൂടുതലായി ഉപയോഗിക്കപ്പെടുന്നതോടെ കറൻസി കൈമാറ്റത്തിന്റെ ആവശ്യം സ്വാഭാവികമായി കുറഞ്ഞുവരുന്നതായും സൂചനയുണ്ട്.
എടിഎം വഴിയുള്ള പണം പിൻവലിക്കൽ ഇടപാടുകൾ ഇപ്പോഴും തുടരുന്നുണ്ട്. എന്നാൽ, മൊത്തത്തിലുള്ള പണമിടപാട് സംവിധാനത്തിൽ അവയുടെ പങ്ക് ക്രമേണ ചുരുങ്ങുന്നു. പ്രത്യേകിച്ച് ചില്ലറ വ്യാപാരം, സേവനമേഖല, ബിൽ അടയ്ക്കൽ തുടങ്ങിയ മേഖലകളിൽ ഡിജിറ്റൽ ഇടപാടുകൾ മേൽക്കൈ നേടി. ഡിജിറ്റൽ ഇടപാടിന്റെ വ്യാപനം ബാങ്കിങ് മേഖലയിലെ സാങ്കേതിക നിക്ഷേപങ്ങൾ വർധിപ്പിച്ചു. ഇടപാടുകളുടെ സുതാര്യത, സുരക്ഷ, വേഗത എന്നിവ ശക്തിപ്പെട്ടു. ഉപഭോക്തൃ ശീലങ്ങളിലുണ്ടായ ഈ മാറ്റം കുവൈത്തിന്റെ സാമ്പത്തിക സംവിധാനത്തെ കൂടുതൽ ആധുനികവും കാര്യക്ഷമവുമായ ദിശയിലേക്ക് നയിച്ചതായും റിപ്പോർട്ടിലുണ്ട്.










0 comments