കോഴിയിറച്ചി വിപണിയിലെ കൂട്ടുകെട്ട്; കേസ് പ്രോസിക്യൂഷന് കൈമാറി

അബുദാബി: വിപണിയിൽ നിയമവിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെട്ട കോഴിയിറച്ചി മേഖലയിലെ കൂട്ടുകെട്ടിനെതിരെ യുഎഇയിൽ കർശന നടപടി. സാമ്പത്തിക, ടൂറിസം മന്ത്രാലയം അന്വേഷണം പൂർത്തിയാക്കി കേസ് പ്രോസിക്യൂഷന് കൈമാറി. പ്രാദേശിക സാഹചര്യം മുതലെടുത്ത് വിലകൃത്രിമം നടത്തി കോഴിയിറച്ചി വില ഉയർത്തിയതിൽ കൂട്ടുകെട്ടിന് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇത് മത്സരനിയമങ്ങളും ഉപഭോക്തൃ സംരക്ഷണനിയമങ്ങളും ലംഘിക്കുന്നതാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
മത്സരനിയമത്തിന്റെ നിയന്ത്രണങ്ങൾ അനുസരിച്ച് വിപണിയിൽ മത്സരം തടസ്സപ്പെടുത്തുന്ന കരാറുകൾ കർശനമായി നിരോധിച്ചിട്ടുണ്ട്. വില നിശ്ചയിക്കൽ, കൃത്രിമമായി വില ഉയർത്തൽ/കുറയ്ക്കൽ, വിപണി സംവിധാനത്തെ ബാധിക്കുന്ന സഹകരണങ്ങൾ തുടങ്ങിയവ നിയമലംഘനമായി കണക്കാക്കും.
വസ്തുക്കളുടെ വിൽപ്പന–വാങ്ങൽ വ്യവസ്ഥകൾ നിർണയിക്കൽ, ടെൻഡറുകളിലും ബിഡുകളിലും കൂട്ടുകെട്ട്, ഉൽപ്പാദനവും വിതരണവും നിയന്ത്രിക്കൽ, ചില കമ്പനികളെ ബഹിഷ്‌കരിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളും നിരോധിച്ചിട്ടുണ്ട്.
കൃത്രിമ ക്ഷാമം സൃഷ്ടിക്കൽ, അനാവശ്യ സംഭരണം, ഉൽപ്പന്നങ്ങൾ വിപണിയിൽനിന്ന് പിൻവലിക്കൽ എന്നിവയും ഗുരുതര നിയമലംഘനങ്ങളാണ്. ഇത്തരം പ്രവർത്തനങ്ങൾ രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയെയും സാമ്പത്തിക സ്ഥിരതയെയും ബാധിക്കാമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. മത്സരസംരക്ഷണവും സാമ്പത്തിക മേഖലയിലെ വളർച്ചയും ഉറപ്പാക്കാനാണ് നിയമം രൂപപ്പെടുത്തിയത്. ഇത്തരം കേസുകളിൽ കർശന നടപടി തുടരുമെന്നും അധികൃതർ വ്യക്തമാക്കി.










0 comments