മുഖ്യമന്ത്രി നാളെ കുവൈത്തിൽ; ജനനായകന്റെ വരവിന് കാത്ത് പ്രവാസി മലയാളികൾ

പിണറായി വിജയൻ
കുവൈത്ത് സിറ്റി: രണ്ടു ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച കുവൈത്തിൽ എത്തുന്നു. 28 വർഷത്തെ ഇടവേളയ്ക്കുശേഷം ഒരു കേരള മുഖ്യമന്ത്രിയുടെ കുവൈത്ത് സന്ദർശനം നടക്കുന്നതോടെ പ്രവാസി മലയാളി സമൂഹത്തിൽ വലിയ പ്രതീക്ഷയും ആവേശവും ഉയർന്നിരിക്കുകയാണ്. സാംസ്കാരിക മന്ത്രി സജി ചെറിയാനും ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് ഐഎഎസ് മുതലായവരും മുഖ്യമന്ത്രിയോടൊപ്പം സന്ദർശന യാത്രയിൽ പങ്കെടുക്കുന്നു.
പ്രവാസികൾക്കായി സർക്കാർ രൂപപ്പെടുത്തിയ പദ്ധതികൾ വിശദീകരിക്കുക, മലയാളി സമൂഹത്തെ നേരിൽ കാണുക എന്നിവയാണ് യാത്രയുടെ മുഖ്യലക്ഷ്യം. വ്യാഴം രാവിലെ 6.30ന് കുവൈത്തിൽ എത്തുന്ന മുഖ്യമന്ത്രി ചില ഔദ്യോഗിക കൂടിക്കാഴ്ചകളിലും ചർച്ചകളിലും പങ്കെടുക്കും. വെള്ളി വൈകീട്ട് 4.30ന് മൻസൂരിയയിലെ അൽ അറബി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന മഹാസമ്മേളനത്തിൽ മുഖ്യമന്ത്രി കുവൈത്ത് മലയാളികളെ അഭിസംബോധന ചെയ്യും.
കുവൈത്തിലെ ഇന്ത്യൻ എംബസി പ്രതിനിധികളും പ്രമുഖ വ്യവസായികളും സാമൂഹിക സാംസ്കാരിക കാരുണ്യ മേഖലയിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും. ലോക കേരള സഭയും മലയാളം മിഷൻ കുവൈത്ത് ഘടകവും, കുവൈത്തിലെ ഏകദേശം അറുപതോളം സാംസ്കാരിക സാമൂഹിക സംഘടനകളും ചേർന്നാണ് പരിപാടിയുടെ മുഴുവൻ ക്രമീകരണങ്ങളും ഏകോപിപ്പിക്കുന്നത്. കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കുമെന്നാണ് സംഘാടകർ വിലയിരുത്തുന്നത്. ഗൾഫ് പര്യടനത്തിന്റെ ഭാഗമായി ബഹ്റൈൻ, ഒമാൻ, ഖത്തർ സന്ദർശനങ്ങൾക്ക് ശേഷമാണ് മുഖ്യമന്ത്രി കുവൈത്തിൽ എത്തുന്നത്.
സ്വീകരണത്തിനായുള്ള ഒരുക്കങ്ങൾ പൂര്‍ത്തിയായതായി സംഘാടകർ അറിയിച്ചു. അന്തിമ പരിശോധനയും നിർദ്ദേശങ്ങളുടെയും ഏകോപനവും പൂര്‍ത്തിയായി. വേദി സജ്ജീകരണം, സുരക്ഷ ക്രമീകരണം, പ്രവേശന നിയന്ത്രണം, മാധ്യമ ഏകോപനം, വോളന്റിയർ ചുമതല എന്നിവയ്ക്കായി പ്രത്യേക കമ്മിറ്റികൾ സജീവമാണ്. വലിയ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്നതിനാൽ പാർക്കിംഗ് മാർഗനിർദ്ദേശങ്ങൾ, കുടുംബ വിഭാഗം, വനിതകൾക്കായുള്ള പ്രത്യേക ഇരിപ്പിട ക്രമീകരണം എന്നിവയും ഒരുക്കിയിട്ടുണ്ട്. കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സ്റ്റേഡിയത്തിലേക്ക് സൗജന്യ ഗതാഗത സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
കുവൈത്തിൽ നിന്ന് യുഎഇയിലേക്കാണ് തുടർന്ന് മുഖ്യമന്ത്രി യാത്രതിരിക്കുക. ശനി, ഞായർ ദിവസങ്ങളിൽ യുഎഇയിലെ വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. സൗദി സന്ദർശനവും ആസൂത്രണത്തിലുണ്ടായിരുന്നെങ്കിലും കേന്ദ്ര അനുമതി ലഭിക്കാത്തതിനാൽ ഒഴിവാക്കി.
മുൻപ് പലതവണ കുവൈത്ത് സന്ദർശിച്ചിട്ടുണ്ടെങ്കിലും മുഖ്യമന്ത്രി പദം ഏറ്റെടുത്തശേഷം ആദ്യമായാണ് പിണറായി വിജയൻ കുവൈത്തിൽ എത്തുന്നത്. ഈ മഹാസമ്മേളനത്തെ കുവൈത്ത് പ്രവാസി സമൂഹത്തിന്റെ കൂട്ടായ ആത്മാഭിമാനത്തിന്റെയും സാംസ്കാരിക ശക്തിയുടെയും തെളിവായ പുതുചരിത്ര നിമിഷമാക്കി മാറ്റാൻ എല്ലാവരും സഹകരിക്കണമെന്ന് സംഘാടക സമിതിക്കുവേണ്ടി ഡോ. അമീർ അഹമ്മദ്, ജെ സജി, ടി വി ഹിക്മത് എന്നിവർ അഭ്യർത്ഥിച്ചു.








0 comments