print edition കരുതലിന് പിന്തുണയുമായി പ്രവാസി സമൂഹം: മുഖ്യമന്ത്രിയെ സ്വീകരിച്ച് വൻ ജനാവലി

ബഹ്റൈൻ കേരളീയസമാജത്തിൽ സംഘടിപ്പിച്ച പ്രവാസി മലയാളി സംഗമത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ കേൾക്കാൻ സമാജം ഹാളിനു പുറത്തും തടിച്ചുകൂടിയവർ
അനസ് യാസിൻ
Published on Oct 19, 2025, 12:00 AM | 1 min read
മനാമ: ഗൾഫ് പര്യടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ വരവേൽക്കാൻ വെള്ളിയാഴ്‌ച രാത്രി ബഹ്‌റൈൻ കേരളീയ സമാജത്തിൽ അണിനിരന്നത് വൻ ജനാവലി. നോർക്ക കെയർ ഇൻഷുറൻസ് അടക്കം പ്രവാസി സമൂഹത്തിന് പ്രത്യാശയും സമാനതകളില്ലാത്ത കരുതലും പകർന്ന സർക്കാരിന്റെ നായകനെ കാണാനും കേൾക്കാനും ആളുകൾ ഒഴുകിയെത്തിയത് സമീപകാലത്ത് ബഹ്‌റൈൻ കണ്ട ഏറ്റവും വലിയ ഒത്തുചേരലായി. പ്രവാസി മലയാളി സംഗമം വൈകിട്ട് ഏഴിന് തുടങ്ങുമെന്നാണ് അറിയിച്ചതെങ്കിലും അഞ്ചോടെ ഹാൾ നിറഞ്ഞു. അഞ്ചിരട്ടിയോളംപേർ പുറത്ത് സ്ഥാപിച്ച വലിയ സ്‌ക്രീനുകളിൽ പരിപാടി വീക്ഷിച്ചു. ലോക കേരള സഭയും മലയാളം മിഷനും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
കേരളത്തിന് വലിയ തോതിൽ അഭിവൃദ്ധി ഉണ്ടാക്കിയത് ഭൂപരിഷ്‌കരണവും പ്രവാസ ജീവിതവുമാണെന്ന് പ്രവാസികൾ കേരളത്തിന് നൽകിയ സംഭാവനകൾ ചൂണ്ടിക്കാട്ടി പിണറായി വിജയൻ പറഞ്ഞു. ഗൾഫ് കുടിയേറ്റം സമ്മാനിച്ച സാമ്പത്തിക മുന്നേറ്റം കേരളത്തെ മാറ്റിത്തീർക്കുന്നതിൽ വലിയ പങ്കുവഹിച്ചു. ഒൻപത് വർഷമായി ഓരോ മേഖലയും കൈവരിച്ച വൻ വികസന നേട്ടങ്ങളും പരാമർശിച്ചു. ഹൈവേ വികസനം, ഗെയിൽ പൈപ്പ് ലൈൻ, ഇടമൺ പവർഹൈവേ തുടങ്ങി മുടങ്ങിക്കിടന്ന പദ്ധതികൾ പുനരാരംഭിച്ചതും പൊതുജനാരോഗ്യ, -വിദ്യാഭ്യാസ, വ്യവസായ മേഖലകളിലെ കുതിപ്പും വിശദീകരിച്ചു.
കേരളത്തെക്കുറിച്ച് പ്രചരിപ്പിക്കുന്ന തെറ്റായ വാർത്തകളിലല്ല യഥാർഥ കേരള സ്റ്റോറി –അദ്ദേഹം വ്യക്തമാക്കി. നേട്ടങ്ങൾ സംരക്ഷിക്കാൻ തുടർഭരണം ആവശ്യമാണെന്ന് പിണറായി പറഞ്ഞു. പുതിയ കേരളത്തിൽ പ്രവാസികൾക്ക് വലിയ നിക്ഷേപ അവസരങ്ങൾ ഉണ്ടെന്നും അത് പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോക കേരള സഭാംഗങ്ങളും മലയാളം മിഷൻ ഭാരവാഹികളും ഇന്ത്യൻ സ്ഥാനപതി വിനോദ് ജേക്കബ്, മന്ത്രി സജി ചെറിയാൻ, ചീഫ് സെക്രട്ടറി എ ജയതിലക്, എം എ യുസഫലി തുടങ്ങിയവരും പങ്കെടുത്തു.








0 comments