ad
Deshabhimani

കണ്ണൂർ വിമാനത്താവളത്തിന് കേന്ദ്ര അവഗണന; സമര പരിപാടികൾ ആരംഭിക്കാൻ ആക്ഷൻ കൗൺസിൽ

kannur airport Action council
വെബ് ഡെസ്ക്

Published on Oct 03, 2025, 02:52 PM | 1 min read

കുവൈത്ത് സിറ്റി: കണ്ണൂർ വിമാനത്താവളത്തിനെതിരായ കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച്‌ സമര പരിപാടികൾ ആരംഭിക്കാനൊരുങ്ങി ആക്ഷൻ കൗൺസിൽ. കണ്ണൂർ വിമാനത്താവളത്തിന് ‘പോയിന്റ് ഓഫ് കോൾ’ പദവി അനുവദിക്കാത്തത് മലബാർ മേഖലയോടുള്ള തുറന്ന അവഗണനയാണ്‌. പദവിയില്ലാത്തതിനാൽ വിദേശ വിമാനക്കമ്പനികൾക്ക് കണ്ണൂരിലേക്ക്‌ സർവീസ് നടത്താനാകുന്നില്ല. യാത്രക്കാർ പരിമിതമായ ഇന്ത്യൻ കമ്പനികളെ മാത്രം ആശ്രയിക്കേണ്ട അവസ്ഥയിലാണ്. സർവീസുകളുടെ കുറവു കാരണം ടിക്കറ്റ് നിരക്ക്‌ നിയന്ത്രണമില്ലാതെ കുത്തനെ ഉയരുന്നു. സാധാരണ പ്രവാസികൾക്ക് നാട്ടിലെത്തുന്നത്‌ ദുരിതയാത്രയാണെന്നും കൗൺസിൽ വ്യക്തമാക്കി.


കുവൈത്തിൽനിന്ന് കണ്ണൂരിലേക്ക്‌ നേരിട്ടുള്ള വിമാനസർവീസ് നിലച്ചതോടെ പ്രവാസികൾ ഗുരുതര പ്രതിസന്ധിയിലാണ്. എയർ ഇന്ത്യ എക്‌സ്‌പ്രസ് സർവീസ് നിർത്തിയതോടെ യാത്രക്കാർക്ക് ഇൻഡിഗോയുടെ കണക്ഷൻ സർവീസുകളെ മാത്രമേ ആശ്രയിക്കാനാകൂ. മണിക്കൂറുകളോളം ട്രാൻസിറ്റ് വിമാനത്താവളങ്ങളിൽ കാത്തുനിൽക്കേണ്ടി വരുന്ന അവസ്ഥയാണ് നിലവിലുള്ളത്‌. സമീപത്തുള്ള കോഴിക്കോട് വിമാനത്താവളത്തിലേക്കും കുവൈത്തിൽനിന്ന് നേരിട്ട്‌ സർവീസുകളില്ല. ഇതുവഴി കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലെ യാത്രക്കാർ കൊച്ചി, മംഗളുരു, ബംഗളുരു വിമാനത്താവളങ്ങളെയാണ് ആശ്രയിക്കുന്നത്. 2023 മേയിൽ ഗോ ഫസ്റ്റ് സർവീസ് അവസാനിച്ചതോടെ സ്ഥിതി കൂടുതൽ വഷളായി. മുന്നൂറിലധികം പ്രവാസികൾക്ക് മുൻകൂട്ടി വാങ്ങിയ ടിക്കറ്റുകളുടെ തുക ഇനിയും തിരികെ ലഭിച്ചിട്ടില്ല.


കണ്ണൂർ വിമാനത്താവളത്തിൽനിന്ന് എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്‌പ്രസും സർവീസ്‌ നിർത്തിയത് ജനവഞ്ചനയാണ്‌. ഇത്‌ മറ്റ് വിമാനക്കമ്പനികൾക്ക് കൊള്ളലാഭം കൊയ്യാനുള്ള അവസരമൊരുക്കുന്നു. ഉത്സവ സീസണുകളിൽ നിരക്ക്‌ കുത്തനെ ഉയർത്തി പ്രവാസികളെ വലയ്ക്കുമ്പോൾ, എയർ ഇന്ത്യയുടെ പിൻമാറ്റം ചൂഷണത്തിന് ആക്കം കൂട്ടി. വിമാനത്താവളത്തിന്റെ വളർച്ച തടസ്സപ്പെടുത്തുന്ന തീരുമാനം അടിയന്തരമായി പിൻവലിക്കണം. പോയിന്റ് ഓഫ് കോൾ പദവി അനുവദിക്കണം. നിർത്തലാക്കിയ എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്‌പ്രസ് സർവീസുകൾ പുനഃസ്ഥാപിക്കണമെന്നും ആക്ഷൻ കൗൺസിൽ വ്യക്തമാക്കി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home