ജനദ്രോഹ ബജറ്റ്: പ്രതികരണവുമായി പ്രവാസി സംഘടനകൾ

ധനമന്ത്രികൂടിയായ മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിച്ച ബജറ്റ് പ്രവാസികളടക്കമുള്ള കേരള ജനങ്ങളെ കൈയൊഴിയുന്നതാണെന്ന് പ്രവാസി സംഘടനകൾ. തൊഴിലാളികൾ, കർഷകർ, മത്സ്യത്തൊഴിലാളികൾ, ചെറുകിട വ്യാപാരികൾ തുടങ്ങി അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിതപ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന പ്രഖ്യാപനങ്ങളൊന്നും ബജറ്റിലില്ല. കഴിഞ്ഞ 10 വർഷമായി പിണറായി വിജയൻ സർക്കാർ പ്രവാസികൾക്കായി നടപ്പാക്കിയ ക്ഷേമപദ്ധതികളെ അട്ടിമറിക്കുന്ന സമീപനമാണ് ഈ ബജറ്റിലുള്ളതെന്നും പ്രവാസി സംഘടനകൾ പറഞ്ഞു.
മസ്‌കത്ത്: പ്രകടനപത്രികയിൽ വാഗ്‌ദാനം ചെയ്‌ത വികസന കാഴ്‌ചപ്പാടും ബജറ്റും തമ്മിൽ വലിയ അന്തരമുണ്ടെന്ന് കൈരളി ഒമാൻ ഭാരവാഹികൾ പറഞ്ഞു. കേന്ദ്ര സർക്കാരുമായി ഏറ്റുമുട്ടലിനില്ലെന്ന് ആവർത്തിച്ച് പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രി കേന്ദ്രത്തിന് കീഴ്പ്പെടുന്നതാണ് നയമെന്ന് ബജറ്റിലൂടെ ഉറപ്പിക്കുന്നു. പ്രവാസി ക്ഷേമപെൻഷൻ അടക്കം വിതരണം നിലച്ച അവസ്ഥയിലേക്ക് നാടെത്തി. കേന്ദ്രവിഹിതം വെട്ടിക്കുറയ്‌ക്കുന്നതുപോലും വിമർശിക്കാനുള്ള ധൈര്യം മുഖ്യമന്ത്രിക്കില്ല. കടലും ധാതുവിഭവങ്ങളും ഭൂമിയുമെല്ലാം കുത്തകകൾക്ക് അടിയറവയ്‌ക്കാനുള്ള നയപ്രഖ്യാപനമാണിത്. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളെക്കാൾ നിക്ഷേപ സൗഹൃദ പദ്ധതികൾക്കും കമ്പോളാധിഷ-്‌ഠിത വികസന മാതൃകകൾക്കുമാണ് പ്രാധാന്യം നൽകുന്നതെന്നും കൈരളി ഒമാൻ ഭാരവാഹികൾ പറഞ്ഞു.
ദുബായ്: ബജറ്റ് പ്രസംഗത്തിലെവിടെയും ‘പ്രവാസി'യെന്നോ ‘നോർക്ക'യെന്നോ പറയാൻപോലും മുഖ്യമന്ത്രി തയ്യാറായില്ലെന്ന് ഓർമ ഭാരവാഹികൾ പറഞ്ഞു. പ്രവാസി ക്ഷേമത്തിനായി ഒരുരൂപപോലും നീക്കിവച്ചിട്ടില്ല. ലോക കേരളസഭ, നോർക്ക റൂട്ട്സ്, പ്രവാസി ക്ഷേമനിധി എന്നിവയെക്കുറിച്ചും പരാമർശമില്ലെന്നത് നിരാശാജനകമാണ്. പ്രവാസി നിക്ഷേപം സ്വീകരിക്കണമെന്നതല്ലാതെ, മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസത്തിനുള്ള പ്രഖ്യാപനങ്ങളൊന്നും ബജറ്റിലില്ല. എൽഡിഎഫ് സർക്കാരിന്റെ അവസാന ബജറ്റിൽമാത്രം വിവിധ പ്രവാസി പദ്ധതികൾക്കായി 200 കോടിയോളം രൂപ മാറ്റിവച്ചിരുന്നു. 10 വർഷമായി കൃത്യമായി വിതരണംചെയ്‌ത പ്രവാസി ക്ഷേമനിധി പെൻഷൻ രണ്ടുമാസം മുടങ്ങി. കുടിശ്ശിക തീർക്കാനുള്ള തുകയെങ്കിലും ബജറ്റിൽ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിച്ചത്. ഉത്തരവാദിത്വങ്ങളിൽനിന്ന് പൂർണമായി പിന്മാറുന്ന യുഡിഎഫ് സർക്കാരിനെതിരെ പ്രതിഷേധം ഉയർത്തണമെന്നും ഓർമ ഭാരവാഹികൾ പറഞ്ഞു.
കേരളത്തിന്റെ സാഹചര്യങ്ങളെയും പ്രവാസികളുടെ നിർണായക സംഭാവനയെയും അവഗണിക്കുന്നതാണ് ബജറ്റെന്ന് പ്രവാസി ക്ഷേമ ബോർഡ് മുൻ ഡയറക്‌ടർ ബോർഡംഗം എൻ കെ കുഞ്ഞമ്മദ്. പ്രവാസി പുനരധിവാസം, നിക്ഷേപ പദ്ധതികൾ, ക്ഷേമ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച പ്രഖ്യാപനങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.
അബുദാബി: പ്രവാസി ക്ഷേമത്തിനായി ഒരുരൂപപോലും പ്രത്യേകമായി വകയിരുത്താത്തത് പ്രവാസികൾക്കിടയിൽ വലിയ നിരാശ സൃഷ്‌ടിച്ചിട്ടുണ്ടെന്ന് അഡ്വ. അൻസാരി സൈനുദ്ദീൻ പറഞ്ഞു. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ നിർണായക പങ്കുവഹിക്കുന്ന പ്രവാസികളുടെ ക്ഷേമവും സുരക്ഷയും സർക്കാർ അവഗണിക്കരുത്. മുൻ സർക്കാരുകൾ നടപ്പാക്കിയ ക്ഷേമപദ്ധതികൾ കൂടുതൽ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
റിയാദ്: കേരളത്തിന്റെ നട്ടെല്ലായ പ്രവാസികളെ പൂർണമായും അവഗണിക്കുന്ന ബജറ്റിൽ പ്രതിഷേധിക്കുന്നതായി കേളി കലാസാംസ്‌കാരിക വേദി. നാടിന്റെ വികസനത്തിലും വിപണിയുടെ വളർച്ചയിലും നിർണായക പങ്കുവഹിക്കുന്ന പ്രവാസികളെ വിദേശനാണ്യത്തിന്റെ ഉറവിടമായി മാത്രം കാണുന്ന യുഡിഎഫ് സമീപനമാണ് ബജറ്റിൽ പ്രതിഫലിക്കുന്നത്. പ്രവാസി ക്ഷേമനിധി, പെൻഷൻ വിതരണം, മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസം, തൊഴിൽ നഷ്‌ടപ്പെട്ടവർക്കുള്ള സഹായ പദ്ധതികൾ, പ്രവാസി കുടുംബങ്ങളുടെ സുരക്ഷ തുടങ്ങിയ വിഷയങ്ങളിലെ മൗനം ആശങ്കാജനകമാണ്. ലോകമെമ്പാടുമുള്ള മലയാളികളുടെ വികാരം തിരിച്ചറിഞ്ഞ് ബജറ്റിൽ ആവശ്യമായ തിരുത്തൽ വരുത്താൻ സർക്കാർ തയ്യാറാകണമെന്നും കേളി സെക്രട്ടറിയറ്റ് പ്രസ്‌താവനയിൽ വ്യക്തമാക്കി
കുവൈത്ത് സിറ്റി: അടിസ്ഥാന ജനവിഭാഗങ്ങളെയും പ്രവാസികളെയും അവഗണിക്കുന്നതാണ് വി ഡി സതീശൻ പ്രഖ്യാപിച്ച സംസ്ഥാന ബജറ്റെന്ന് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല) കുവൈത്ത്. വിലക്കയറ്റം, തൊഴിലില്ലായ്‌മ, സാമ്പത്തിക പ്രതിസന്ധി എന്നിവ നേരിടുന്ന ജനങ്ങൾക്ക് ആശ്വാസമേകാൻ പദ്ധതികൾ പര്യാപ്തമല്ല. പ്രവാസി ക്ഷേമ പദ്ധതികളുടെ ഭാഗമായുള്ള പെൻഷൻ വിതരണം മുടങ്ങിയിട്ടും അത് പുനഃസ്ഥാപിക്കാനോ കുടിശ്ശിക വിതരണം ചെയ്യാനോ ആവശ്യമായ പ്രഖ്യാപനം ബജറ്റില്ലെന്നത് പ്രതിഷേധാർഹമാണെന്നും കല കുവൈത്ത് പ്രസിഡന്റ് അൻസാരി കടയ്‌ക്കലും ജനറൽ സെക്രട്ടറി ജിതിൻ പ്രകാശും പറഞ്ഞു.
പ്രവാസി സമൂഹത്തെ അവഗണിച്ച ബജറ്റിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി ഐഎംസിസി കുവൈത്ത്. ബജറ്റിൽ പ്രവാസികൾക്കായി സുപ്രധാന ക്ഷേമപദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല. പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾക്ക് തുക അനുവദിച്ച് ബജറ്റിൽ ആവശ്യമായ ഭേദഗതി വരുത്തണമെന്നും ഐഎംസിസി ജിസിസി രക്ഷാധികാരി സത്താർ കുന്നിൽ, കുവൈത്ത് പ്രസിഡന്റ് ഹമീദ് മധൂർ, ജനറൽ സെക്രട്ടറി ശരീഫ് താമരശേരി എന്നിവർ പ്രസ്‌താവനയിൽ പറഞ്ഞു.
പ്രവാസികളെ പൂർണമായും അവഗണിക്കുന്നതാണ് സംസ്ഥാന ബജറ്റെന്ന് കേരള അസോസിയേഷൻ കുവൈത്ത്. പ്രവാസിക്ഷേമത്തിനും പുനരധിവാസത്തിനുമായി എൽഡിഎഫ് സർക്കാർ നടപ്പാക്കിയ പദ്ധതികളെയും ബജറ്റ് വിഹിതത്തെയും ഇല്ലാതാക്കുന്ന നടപടി പ്രതിഷേധാർഹമാണ്. പ്രവാസികളുടെ തൊഴിൽ സുരക്ഷ, ക്ഷേമം, പുനരധിവാസം എന്നിവ പാടെ അവഗണിച്ച ബജറ്റിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും കേരള അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
യുഡിഎഫ് സർക്കാർ ആദ്യ ബജറ്റിൽതന്നെ പ്രവാസി സമൂഹത്തെ പൂർണമായും അവഗണിച്ചതായി എൻസിപി (എസ്‌പി) ഓവർസീസ് സെൽ ദേശീയ കമ്മിറ്റി. അഭിമാനപദ്ധതിയായ ലോക കേരള സഭയ്‌ക്കുപോലും തുക വകയിരുത്തിയില്ല. പ്രവാസികളോടുള്ള അവഗണന അത്യന്തം പ്രതിഷേധാർഹമാണ്. കക്ഷിരാഷ്‌ട്രീയ ഭേദമെന്യേ മുഴുവൻ പ്രവാസികളും നിലപാടിൽ ശക്തമായി പ്രതികരിക്കണമെന്നും ദേശീയ അധ്യക്ഷൻ ബാബു ഫ്രാൻസീസ്, ട്രഷറർ ബിജു സ്റ്റീഫൻ, കുവൈത്ത് ചാപ്റ്റർ പ്രസിഡന്റ് ജീവ്സ് എരിഞ്ചേരി, ജനറൽ സെക്രട്ടറി കെ വി അരുൾരാജ് എന്നിവർ സംയുക്ത വാർത്താക്കുറിപ്പിൽ അറിയിച്ചു.










0 comments