ജാർഖണ്ഡിൽ ഇടിമിന്നലേറ്റ് ദുരന്തം; 24 മണിക്കൂറിനിടെ 11 മരണം

റാഞ്ചി: ജാർഖണ്ഡിൽ ശക്തമായ ഇടിമിന്നലിൽ 24 മണിക്കൂറിനിടെ 11 പേർ മരിച്ചു. മൂന്ന് സ്ത്രീകളും പത്ത് വയസ്സുള്ള കുട്ടിയും അടക്കമുള്ളവർക്കാണ് ദാരുണാന്ത്യം സംഭവിച്ചത്.
ഖുന്തി, രാംഗാഡ്, ലോഹോർദാഗ, ദേവ്ഘർ, ജംതാര, സാഹിബ്ഗഞ്ച്, ഗിരിദിഹ് എന്നീ ജില്ലകളിലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഖുന്തി ജില്ലയിലാണ് കൂടുതൽ മരണം (നാല് പേർ).
വനത്തിലേക്ക് പോകുന്നതിനിടെ 16 വയസ്സുള്ള ബാലനും 44-കാരനായ സുഖ്‌റാം മുണ്ടയും മിന്നലേറ്റു മരിച്ചു. പത്രതോളി ഗ്രാമത്തിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ 22 വയസ്സുള്ള പ്രേം ബഖാല മരിച്ചു.
ഈ സംഭവത്തിൽ മറ്റ് മൂന്ന് പേർക്ക് പൊള്ളലേറ്റിട്ടുണ്ട്. റോൺഹെ ഗ്രാമത്തിൽ വയലിൽ ജോലി ചെയ്യുന്നതിനിടെ 52-കാരനായ നിസ്ട്രാർ ടോപ്‌നോയും മരിച്ചു.
ഞായറാഴ്ച മുതൽ തിങ്കളാഴ്ച വരെ നീണ്ടുനിന്ന ശക്തമായ മഴയോടൊപ്പമുണ്ടായ ഇടിമിന്നലിലാണ് സംസ്ഥാനത്ത് വ്യാപക നാശനഷ്ടങ്ങൾ ഉണ്ടായത്. പരിക്കേറ്റവരെ വിവിധ സർക്കാർ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.








0 comments