എൻജിഒകൾക്ക് വിദേശഫണ്ട് സ്വീകരിക്കുന്നതിൽ കർശന നിയന്ത്രണവുമായി കേന്ദ്രം; പുതിയ ചട്ടങ്ങൾ പുറത്തിറക്കി

ന്യൂഡൽഹി: എൻജിഒകൾ വിദേശഫണ്ട് സ്വീകരിക്കുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള ചട്ടങ്ങളിൽ കർശന ഭേദഗതികൾ വരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്‌സിആർഎ) പ്രകാരമുള്ള പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ വിജ്ഞാപനം.
പുതിയ ചട്ടപ്രകാരം, വിദേശഫണ്ട് സ്വീകരിക്കുന്ന എൻജിഒകൾ തങ്ങളുടെ പ്രവർത്തനമേഖലകളും ഉദ്ദേശ്യലക്ഷ്യങ്ങളും മുൻകൂട്ടി നിശ്ചയിച്ച പട്ടികയിൽ നിന്ന് തിരഞ്ഞെടുക്കണം. മതപരമായ പ്രവർത്തനങ്ങൾക്ക് അനുമതിയുണ്ടെങ്കിലും, മതം മാറ്റം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളെ വിവിധ വിഭാഗങ്ങളിൽ നിന്ന് ഒഴിവാക്കി.
മതപരമായ വിദ്യാഭ്യാസം, വിശ്വാസ പാരമ്പര്യങ്ങളുടെ ഡോക്യുമെന്റേഷൻ, ആദിവാസി വിഭാഗങ്ങളുടെ വിശ്വാസ-ആചാരങ്ങളുടെ സംരക്ഷണം തുടങ്ങിയവയിൽ മതം മാറ്റം പാടില്ലെന്ന് കർശനമായി നിർദ്ദേശിക്കുന്നു. എൻജിഒകൾ പ്രവർത്തിക്കുന്ന സംസ്ഥാനങ്ങളും കൃത്യമായ ലക്ഷ്യങ്ങളും അപേക്ഷയിൽ വ്യക്തമാക്കണം.
അധികമായി ചേർക്കുന്ന ഓരോ സംസ്ഥാനത്തിനും ഉദ്ദേശ്യത്തിനും 300 രൂപ വീതം ഫീസ് ഈടാക്കും. ഇന്ത്യൻ വംശജരല്ലാത്ത വിദേശ പൗരന്മാർ ഭാരവാഹികളായ സംഘടനകൾക്ക് ഫണ്ട് സ്വീകരിക്കുന്നതിനുള്ള രജിസ്ട്രേഷനോ മുൻകൂർ അനുമതിയോ സാധാരണയായി നൽകില്ല. പ്രത്യേക സാഹചര്യങ്ങളിൽ കേന്ദ്ര സർക്കാരിന് ഇതിൽ ഇളവ് നൽകാം.
ലൈസൻസ് നിലനിർത്താൻ, കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷത്തിനുള്ളിൽ കുറഞ്ഞത് 10 ലക്ഷം രൂപയെങ്കിലും വിദേശഫണ്ടിൽ നിന്ന് ചിലവഴിച്ചിരിക്കണം. 'മുൻകൂർ അനുമതി' ഉള്ള സംഘടനകൾക്ക്, മുൻപ് ലഭിച്ച ഫണ്ടിന്റെ 75 ശതമാനമെങ്കിലും ചിലവഴിച്ചാൽ മാത്രമേ അടുത്ത ഗഡു അനുവദിക്കൂ.
ഫീൽഡ് അന്വേഷണത്തിന് ശേഷമായിരിക്കും ഇത് ഉറപ്പാക്കുക. അപേക്ഷകർ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ വിവരങ്ങൾ കൈമാറണം. കൂടാതെ, വാർത്തകളോ കറന്റ് അഫയേഴ്സോ പ്രസിദ്ധീകരിക്കുകയോ സംപ്രേഷണം ചെയ്യുകയോ ചെയ്യാൻ എൻജിഒകൾക്ക് അനുവാദമില്ല.
ഇടനിലക്കാർ വഴിയോ 'ഡോണർ അഡ്വൈസ്ഡ് ഫണ്ട്' വഴിയോ പണം ലഭിച്ചാൽ, അതിന്റെ യഥാർത്ഥ ഉറവിടം എൻജിഒകൾ വെളിപ്പെടുത്തണം. നേരത്തെ രജിസ്റ്റർ ചെയ്ത എല്ലാ സംഘടനകളും തങ്ങളുടെ പ്രവർത്തന ഉദ്ദേശ്യങ്ങളും സംസ്ഥാനങ്ങളും ഒരു വർഷത്തിനുള്ളിൽ സർക്കാരിനെ അറിയിക്കണം. സാമ്പത്തിക പ്രസ്താവനകൾക്കൊപ്പം വിശദമായ പ്രവർത്തന റിപ്പോർട്ടും വാർഷിക റിട്ടേണുകളിൽ ഉൾപ്പെടുത്തണമെന്നും വിജ്ഞാപനത്തിൽ പറയുന്നു.










0 comments