ബിഗ് 5 ഗ്ലോബലിന് സമാപനം

ദുബായ് : ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന ബിഗ് 5 ഗ്ലോബൽ പ്രദർശനത്തിന്റെ 46-ാം പതിപ്പ് സമാപിച്ചു. നിർമാണം, നഗരവികസനം, ജിയോസ്‌പേഷ്യൽ മാനേജ്മെന്റ്, ഫെസിലിറ്റി മാനേജ്മെന്റ് തുടങ്ങിയ മേഖലകളിലെ 60,000ൽ അധികം നവീന ഉൽപ്പന്നങ്ങളാണ് പരിപാടിയിൽ പ്രദർശിപ്പിച്ചത്. മേഖലയിലെ 85,000-ൽ അധികം വിദഗ്ധരെയും 2800ൽ അധികം പ്രദർശകരെയും ഒരുമിപ്പിക്കുന്നതാണ് പരിപാടി.
തിങ്കളാഴ്ച നടന്ന ചടങ്ങിൽ യുഎഇ ദേശീയ ഒളിമ്പിക്സ് കമ്മിറ്റി പ്രസിഡന്റ് ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പ്രദർശനം ഉദ്ഘാടനം ചെയ്തത്. സ്ഥിരതയുള്ള വളർച്ചയ്ക്കും തൊഴിൽ സൃഷ്ടിക്കും ഭാവി യുഗ നഗരസംവിധാനങ്ങൾ നിർമിക്കുന്നതിലും നിർമാണമേഖല വഹിക്കുന്ന പങ്ക് നിർണായകമാണെന്ന് ഷെയ്ഖ് മൻസൂർ വ്യക്തമാക്കി. സ്പെയിൻ, ഇറ്റലി എന്നിവയുടെ അന്തർദേശീയ പവിലിയനുകളും ദുബായ് മുനിസിപ്പാലിറ്റി സ്റ്റാളും അദ്ദേഹം സന്ദർശിച്ചു. ഹരിത കെട്ടിട പദ്ധതികൾ, ഊർജക്ഷമത പരിഹാരങ്ങൾ, ദുബായുടെ ആധുനിക അടിസ്ഥാനസൗകര്യ പദ്ധതികൾക്ക് പിന്തുണ നൽകുന്ന സാങ്കേതികവിദ്യകൾ എന്നിവയെക്കുറിച്ചും അദ്ദേഹം അവലോകനം ചെയ്‌തു.








0 comments