ആരാധനാലയങ്ങളെ ലക്ഷ്യമിട്ട് ഭീകരാക്രമണം; കുവൈത്തിൽ സ്വദേശി പൗരൻ അറസ്റ്റിൽ

കുവൈത്ത് സിറ്റി: രാജ്യത്തിന്റെ സുരക്ഷയെ ലക്ഷ്യമിട്ട് നിരോധിത സംഘടനയുമായി ബന്ധം പുലർത്തിയിരുന്ന സ്വദേശി പൗരനെ സ്റ്റേറ്റ് സെക്യൂരിറ്റി വിഭാഗം അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിനായി നടത്തുന്ന നിരീക്ഷണ അന്വേഷണ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ രഹസ്യ ഓപ്പറേഷനിലാണ് ഇയാളെ പിടികൂടിയത്.
വിശദാന്വേഷണത്തിൽ സംഘം നേതാക്കളിൽ നിന്ന് ലഭിച്ച നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ സ്‌ഫോടകവസ്തുക്കൾ നിർമിക്കാനും വിവിധ ആരാധനാലയങ്ങൾക്കെതിരെ ആക്രമണം ആസൂത്രണം ചെയ്യാനും പ്രതി ശ്രമിച്ചിരുന്നതായി സ്ഥിരീകരിച്ചു. കൂടാതെ, ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് പ്രായപൂർത്തിയാകാത്ത കുട്ടികളെ ലക്ഷ്യമാക്കി തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കാൻ ഇയാൾ ശ്രമിച്ചിരുന്നതായും സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തി.
രാജ്യത്തിന്റെ സുരക്ഷ തകർക്കാനുദ്ദേശിക്കുന്ന ഏത് നീക്കത്തെയും കർശനമായി ചെറുക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. കുറ്റക്കാരെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരുന്നതിൽ യാതൊരു ഇളവും അനുവദിക്കില്ലെന്നും, പൊതുസുരക്ഷ ഉറപ്പാക്കാൻ ഫീൽഡ് ഓപ്പറേഷനുകൾ ശക്തമായി തുടരുകയാണെന്നും അധികാരികൾ അറിയിച്ചു.







0 comments