നല്ല കാര്യങ്ങൾ, പ്രത്യേകിച്ച് കേരളത്തെക്കുറിച്ചാവുമ്പോൾ സഹിക്കാൻ കഴിയാത്തവർ ക്ഷമിക്കണം; ദി ടൈംസ് വാർത്ത പങ്കുവെച്ച് മന്ത്രി

തിരുവനന്തപുരം: നല്ല കാര്യങ്ങൾ, പ്രത്യേകിച്ച് കേരളത്തെക്കുറിച്ചാവുമ്പോൾ സഹിക്കാൻ കഴിയാത്തവർ ക്ഷമിക്കണമെന്ന അടിക്കുറിപ്പോടെ ദി ടൈംസ് വാർത്ത പങ്കുവെച്ച് മന്ത്രി എം ബി രാജേഷ്.
കേരളത്തിന്റെ അതിദാരിദ്ര്യ നിർമാർജനത്തെക്കുറിച്ചും ഒപ്പം അഭിമാനകരമായ സാമൂഹിക പുരോഗതിയെക്കുറിച്ചുമുള്ള വാർത്തയാണ് മന്ത്രി പങ്കുവെച്ചിരിക്കുന്നത്. ചിലർക്ക് സഹിക്കാനാവില്ലെങ്കിലും നമ്മുടെ നേട്ടങ്ങൾ ലോകശ്രദ്ധയിൽ വരുമ്പോൾ നമുക്കെല്ലാം അഭിമാനിക്കാമെന്നും മന്ത്രി കുറിച്ചു.
പോസ്റ്റിന്റെ പൂർണ രൂപം:
നല്ല കാര്യങ്ങൾ, പ്രത്യേകിച്ച് കേരളത്തെക്കുറിച്ചാവുമ്പോൾ സഹിക്കാൻ കഴിയാത്തവർ ക്ഷമിക്കണം. കേരളത്തെക്കുറിച്ച് ഇപ്പോൾ എഴുതിയിരിക്കുന്നത് The Times ആണ്. ലണ്ടനിൽ നിന്നിറങ്ങുന്ന വിഖ്യാത പത്രമായ ദി ടൈംസ് 1785 ൽ സ്ഥാപിതമായതും 240 വർഷത്തെ പാരമ്പര്യമുള്ളതുമാണ്. കേരളത്തിന്റെ അതിദാരിദ്ര്യ നിർമാർജനത്തെക്കുറിച്ചും ഒപ്പം അഭിമാനകരമായ സാമൂഹിക പുരോഗതിയെക്കുറിച്ചും ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ടൈംസിന്റെ പ്രിന്റ് എഡിഷനിൽ കേരളം ദാരിദ്ര്യത്തെ ചരിത്രത്തിന്റെ പേജുകളിലേക്ക് നാടുകടത്തി എന്നാണ് തലക്കെട്ട്.
അതിദാരിദ്ര്യ നിർമാർജ്ജന പദ്ധതിയുടെ ഗുണഭോക്താക്കളായതിലൂടെ ജീവിതം തന്നെ മാറിയ 16 കാരി അമൃതയുടെയും സുനിത സുമേഷിന്റെയുമൊക്കെ ജീവിതാനുഭവങ്ങൾ ഓൺലൈൻ എഡിഷനിൽ വിശദമായി പറയുന്നുണ്ട്. ദി ഇക്കണോമിസ്റ്റിന്റേതു പോലെ ടൈംസിന്റെ റിപ്പോർട്ടും വിമർശനാത്മകമാണ്. കേരളത്തിന്റെ പരിമിതികളെക്കുറിച്ചും ടൈംസ് പറയുന്നുണ്ട്. പക്ഷേ, ഒപ്പം നേട്ടങ്ങളെ മതിപ്പോടെ തന്നെ റിപ്പോർട്ട് ചെയ്തിരിക്കുന്നു.
`കേരളത്തിന്റെ ചുവന്ന വേരുകൾ മനുഷ്യർക്ക് കൂടുതൽ ആയുസ്സും മെച്ചപ്പെട്ട ജീവിതവും നൽകി’ എന്ന് ടൈംസ് പറയുന്നു. ഒരു വികസിത ഇന്ത്യ എങ്ങനെയായിരിക്കണം എന്നതിന് കേരളം മാതൃകയാണ് എന്നും ടൈംസ് പറയുന്നു. പ്രതിപക്ഷനേതാവിന്റെ വിമർശനവും അവർ കൊടുത്തിട്ടുണ്ട്. ഒപ്പം ലോകബാങ്ക് മുൻ വൈസ് പ്രസിഡന്റും മലയാളിയുമായ വിനോദ് തോമസിനെപ്പോലെയുള്ളവർ കേരളത്തെക്കുറിച്ച് പറഞ്ഞ ശ്രദ്ധേയമായ നിരീക്ഷണങ്ങളുമുണ്ട്. വിമർശനാത്മകമാകുമ്പോൾ തന്നെ നല്ലതിനെ നല്ലത് എന്നുതന്നെ അവർ പറഞ്ഞിരിക്കുന്നു. "








0 comments