മണിക്കൂറുകൾ നീണ്ടുനിന്ന അത്യന്തം ബുദ്ധിമുട്ടുള്ള ദൗത്യം ഫയർഫോഴ്സ് സേന വിജയിപ്പിച്ചു; അഭിനന്ദനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ഇടുക്കി പള്ളിവാസലിൽ സ്കൈ ഡൈനിങ്ങ് ഹൈഡ്രോളിക് ലിഫ്റ്റിൻ്റെ പ്ലാറ്റ്ഫോമിൽ കുടുങ്ങിയവരെ സുരക്ഷിതരായി
രക്ഷിച്ചതിൽ അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മണിക്കൂറുകൾ നീണ്ടുനിന്ന അത്യന്തം ബുദ്ധിമുട്ടുള്ള ദൗത്യം വിജയിപ്പിച്ച ഫയർഫോഴ്സ് സേനയ്ക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്ന് മുഖ്യമന്ത്രി നവമാധ്യമത്തിൽ കുറിച്ചു.
മംഗലാപുരം സ്വദേശികളായ മുഹമ്മദ് സഫ്വാൻ, ഭാര്യ തൗഫീന, മക്കൾ ഇവാൻ , ഇനാര ഡൈനിലെ ജീവനക്കാരിയായ ഹരിപ്രിയ എന്നിവരാണ് കുടുങ്ങിയത്. ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ മുകളില്‍ കയറി വടം കെട്ടിയാണ് കുടുങ്ങി കിടന്നവരെ താഴെ ഇറക്കിയത്.
ഇടുക്കിയിൽ മൂന്നാറിന് സമീപം സ്കൈ ഡൈനിങ്ങിൽ വിനോദ സഞ്ചാരികൾ കുടുങ്ങിയ സംഭവത്തിൽ കുട്ടികളുൾപ്പടെയുള്ള അഞ്ചുപേരെയും താഴെയിറക്കിയിരുന്നു.
ഇടുക്കി ആനച്ചാലിലെ സ്വകാര്യ സ്കൈ ഡൈനിങ്ങിലാണ് സംഭവം. രണ്ട് മണിക്കൂറോളം വിനോദ സഞ്ചാരികളും ജീവനക്കാരും കുടുങ്ങി കിടന്നിരുന്നു. അടിമാലിയിൽ നിന്നും മൂന്നാറിൽ നിന്നും ഫയർഫോഴ്സ് സംഘം നടത്തിയ രക്ഷാദൗത്യമാണ് ഫലം കണ്ടത്. ക്രെയിനിൻ്റെ സാങ്കേതിക തകരാറാണ് കാരണമെന്ന് അധികൃതർ വ്യക്തമാക്കി.
ആകാശത്തിരുന്ന് ഭക്ഷണം കഴിക്കുന്നതിനായി അഡ്വൈഞ്ചർ ടൂറിസത്തിൻ്റെ ഭാഗമായി അടുത്തിടെ തുടങ്ങിയതാണ് ഇത്. ഇടുക്കി ആനച്ചാലിൽ ഈയടുത്തായി തുടങ്ങിയ പദ്ധതിയാണ്. 120 അടി ഉയരത്തിലാണ് ആകാശത്തിരുന്ന് ഭക്ഷണം കഴിക്കുന്ന പദ്ധതി. അരമണിക്കൂറിലേറെ സമയമാണ് അവിടെ ചിലവിടുക. ഒരേസമയം 15 പേർക്ക് ഇരിക്കാനുള്ള സൗകര്യമാണ് ഇതിലുള്ളത്. ആകാശക്കാഴ്ച്ച ആസ്വദിക്കാനുള്ള സൗകര്യത്തോടെയാണ് പദ്ധതി. ഇത് ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നതാണ് രീതി.
എന്നാൽ ക്രെയിനിൻ്റെ സാങ്കേതിക തകരാർ മൂലം ക്രെയിൻ താഴ്ത്താൻ പറ്റിയില്ല. ഇവരെ വടംവെച്ച് പുറത്തെത്തിക്കാനുള്ള നീക്കവും നടന്നിരുന്നു. റോപ്പും സീറ്റ് ബെൽറ്റും ഉൾപ്പെടെയുള്ള സുരക്ഷാ സൗകര്യങ്ങൾ ഉള്ളതിനാൽ അപകട സാധ്യത കുറവായിരുന്നെങ്കിലും കുട്ടി ഉൾപ്പടെ സംഘടത്തിലുണ്ടായതാണ് ആശങ്കയുണർത്തിയത്.








0 comments