ദിത്‌വാ ചുഴലിക്കാറ്റ്: ശ്രീലങ്കയിൽ 80 മരണം

കൊളംബോ : ശ്രീലങ്കയിൽ നാശം വിതച്ച് ദിത്‌വാ ചുഴലിക്കാറ്റ്. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 80 ലധികം പേർ മരിച്ചു. ശ്രീലങ്കയ്ക്ക് സഹായവുമായി ഇന്ത്യ 'ഓപ്പറേഷൻ സാഗർ ബന്ധു' ആരംഭിച്ചു. നാവികസേനയുടെ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തും ഐഎൻഎസ് ഉദയ്ഗിരിയും വഴി ദുരിതാശ്വാസ സാമഗ്രികൾ എത്തിച്ചു.
കെലാനി, അത്തനാഗലു നദികളിലെ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് വെള്ളിയാഴ്ച രാത്രി മുതൽ പശ്ചിമ പ്രവിശ്യയിൽ അധികൃതർ മുന്നറിയിപ്പ് നൽകി. കൊളംബോയും ഏറ്റവും ജനസംഖ്യയുള്ള ജില്ലയായ ഗമ്പഹയും ഭീഷണിയിലായതിനാൽ താമസക്കാരോട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.
80 ലധികം പേർ മരിച്ചതായും കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ 34 പേരെ കാണാതായതായും ദുരന്തനിവാരണ കേന്ദ്രം (ഡിഎംസി) സ്ഥിരീകരിച്ചു. വെള്ളപ്പൊക്കത്തിൽ 44,192 കുടുംബങ്ങളിൽ നിന്നുള്ള 1,48,603 പേർ ദുരിതത്തിലായി. 5,024 കുടുംബങ്ങളിൽ നിന്നായി ഏകദേശം 14,000 ആളുകൾ 195 ദുരിതാശ്വാസ കേന്ദ്രങ്ങളിലെത്തിയതായും ഡിഎംസി അറിയിച്ചു.
ദിത്‍വാ ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ പേമാരിയിൽ നിരവധി വീടുകൾ പൂർണ്ണമായും ഭാഗികമായും തകർന്നു. വ്യാപകമായ വെള്ളപ്പൊക്കവും മധ്യ കുന്നിൻ പ്രദേശങ്ങളിൽ മണ്ണിടിച്ചിലും ഉണ്ടായതോടെ പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു. 24 മണിക്കൂറിനുള്ളിൽ ശ്രീലങ്കയിലെ മധ്യ മാതലെ ജില്ലയിൽ 540 മില്ലിമീറ്റർ മഴ പെയ്തതായി അധികൃതർ പറഞ്ഞു.
മൊറാഗഹകണ്ട പാലം, എലഹേര പാലം, കുമാര എല്ല പാലം എന്നീ മൂന്ന് പാലങ്ങൾ ഒലിച്ചുപോയി. പ്രധാന ഗതാഗത മാർഗങ്ങൾ തകർന്നതിനാൽ ദുരന്തബാധിത പ്രദേശങ്ങളിൽ എത്തുന്നതിന് ഉദ്യോഗസ്ഥർക്ക് കഴിയുന്നില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി പറഞ്ഞു. വൈദ്യുത തകരാറിനെത്തുടർന്ന് രണ്ട് പ്രധാന ജലവൈദ്യുത നിലയങ്ങളായ കോട്മലെ, റാന്തംബെ എന്നിവ അടച്ചുപൂട്ടിയതായി സിലോൺ വൈദ്യുതി ബോർഡിന്റെ ജനറൽ മാനേജർ ഷേർലി കുമാര പറഞ്ഞു.








0 comments