മലയോര ഹൈവേ നിർമാണം അതിവേഗം

വാ, വേഗം പൂവാം

p
avatar
എം സനോജ്

Published on Nov 28, 2025, 10:43 PM | 2 min read


നിലന്പൂര്‍

മലബാറിന്റെ വികസനക്കുതിപ്പിന് കരുത്തേകി മലയോര ഹൈവേ (എസ്എച്ച് 59)യുടെ പ്രവൃത്തി അതിവേ​ഗം പുരോ​ഗമിക്കുന്നു. പാലക്കാട് ജില്ലാ അതിർത്തിയായ കാഞ്ഞിരംപാറമുതൽ കോഴിക്കോട് ജില്ലാ അതിര്‍ത്തിയായ നായാടംപൊയിൽവരെയാണ് ജില്ലയിൽ മലയോര ഹൈവേ നിർമാണം. നിർദിഷ്ട പാതയുടെ ആദ്യഘട്ടം പൂക്കോട്ടുംപാടംമുതൽ കാളികാവ് വരെ 12.31 കി.മീ (64.26 കോടി) 80 ശതമാനം പ്രവൃത്തി പൂർത്തിയായി. രണ്ടാംഘട്ടം കാളികാവ് മുതൽ കരുവാരക്കുണ്ടുവരെ 8.7 കി.മീറ്ററിലും (41.59 കോടി) നിർമാണം കഴിഞ്ഞു. പൂക്കോട്ടുംപാടംമുതൽ മൈലാടിപാലംവരെയുള്ള 10.9 കി.മീ റീച്ചിൽ (55.28 കോടി) പ്രവൃത്തി പൂർത്തിയായി. കോഴിക്കോട്‌–-മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന ചാലിയാർ പഞ്ചായത്തിലെ മൂലേപ്പാടം പാലംമുതൽ നായാടംപൊയിൽവരെ 15 കി.മീ (80 കോടി) പ്രവൃത്തിയും പൂർത്തിയായി.

ചാലിയാർ പഞ്ചായത്തിലെ മൈലാടിപാലംമുതൽ മൂലേപ്പാടംപാലംവരെ 9.8 കി.മീ (48 കോടി) പ്രാംരഭപ്രവ-ൃത്തികള്‍ ആരംഭിച്ചിട്ടുണ്ട്. കരുവാരക്കുണ്ടുമുതൽ ചിറക്കൽ ഉച്ചാരക്കടവ് വഴി കാഞ്ഞിരംപാറവരെ 12.28 കി.മീ പ്രവൃത്തിയുടെ ടെന്‍ഡര്‍ നടപടികള്‍ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ആരംഭിക്കും. നേരത്തെ മലയോര ഹൈവേ പദ്ധതിയില്‍ ഉള്‍പ്പെട്ട പൂക്കോട്ടുംപാടം തന്പുരാട്ടിക്കല്ല് മുണ്ടേരി സ്വീഡ് ഫാം റീച്ചില്‍ പൂക്കോട്ടുംപാടംമുതല്‍ കാറ്റാടിക്കടവ് പാലംവരെയും ചാത്തമുണ്ടമുതല്‍ മുണ്ടേരി സ്വീഡ് ഫാംവരെയും പൂര്‍ത്തിയാക്കി.

ഡിബിഎം ആൻഡ്‌ *ബിസി നിലവാരം

12 മീറ്റർ വീതിയിലാണ്‌ പാതയുടെ നിർമാണം. ഒമ്പത് മീറ്റർ ടാറിങ്ങും ഇരുവശങ്ങളിലും ഒന്നര മീറ്റർവീതം നടപ്പാതയുമുണ്ടാകും. കാലാവസ്ഥാവ്യതിയാനംമൂലമുണ്ടാകുന്ന പ്രശ്നങ്ങളെ മറികടക്കാൻ ഡിബിഎം ആൻഡ്‌ ബിസി നിലവാരത്തിലാണ് നിർമാണം. വൈറ്റ് ടോപ്പിങ്‌, പ്ലാസ്റ്റിക് മാലിന്യം ഉപയോ​ഗിച്ചുള്ള എൻആർഎംബി എന്നിവയും നിർമാണത്തിൽ ഉപയോഗിക്കുന്നുണ്ട്. റബർ പാൽ കൂട്ടിച്ചേർത്തുണ്ടാക്കിയ ബിറ്റുമിൻ ഉപയോ​ഗിച്ചാണ് ഉപരിതലം നിർമിക്കുന്നത്. ഇരുവശങ്ങളിലും ഡ്രെയിനേജ്, ഭൂ​ഗർഭ കേബിളുകളും പൈപ്പുകളും ഇടുന്നതിന് കോൺ​ക്രീറ്റ് ഡക്ടുകൾ, ക്രോസ് ഡക്ടുകൾ, കിയോസ്‌ക്കുകൾ എന്നിവ സ്ഥാപിക്കും. കേരള റോഡ് ഫണ്ട് ബോർഡിനാണ് നിർമാണച്ചുമതല.

വിനോദസഞ്ചാരം *കുതിക്കും

മലയോര ഹൈവേ പൂർത്തിയാകുന്നതോടെ മലബാറിന്റെ വിനോദസഞ്ചാര മേഖല കുതിക്കും. കാർഷിക, വാണിജ്യ, വിനോദസഞ്ചാര മേഖലകളിൽ വലിയമാറ്റം വരും. ആഴ്ചയിൽ ഒരുദിവസം പിഡബ്ല്യുഡി മിഷൻ ടീം യോഗം ചേർന്ന് പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നുണ്ട്. ഗതാഗതസൗകര്യം സുഗമമാകുന്നതിനൊപ്പം മലയോരത്തിന്റെ സമ്പദ്ഘടനയ്‌ക്കും ഹൈവേ വികസനം വലിയ മാറ്റമുണ്ടാക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home