മൂന്ന് വർഷം, മൂന്നര ലക്ഷത്തിലധികം സംരംഭങ്ങൾ; 7.5ലക്ഷം തൊഴിലവസരങ്ങൾ; കുറിപ്പുമായി പി രാജീവ്

തിരുവനന്തപുരം: കേരളത്തിന് വ്യവസായരംഗത്ത് ആദ്യമായി അന്താരാഷ്ട്ര അംഗീകാരം നേടിത്തന്ന സംരംഭക വർഷം പദ്ധതിയുടെ വിജയം നമുക്ക് നേടിത്തന്ന ആത്മവിശ്വാസം ഏറെ വലുതാണെന്ന് മന്ത്രി പി രാജീവ്.
ഒരു വർഷം കൊണ്ട് കേവലം പതിനായിരം എംഎസ്എംഇ സംരംഭങ്ങൾ മാത്രം ആരംഭിച്ചിരുന്ന കേരളത്തിൽ ഇപ്പോൾ ശരാശരി ഒരു ലക്ഷത്തിലധികം സംരംഭങ്ങൾ ആരംഭിക്കുന്നു. സംരംഭകവർഷം പദ്ധതിയുടെ കണക്കുകൾ മാത്രം പരിശോധിച്ചാൽ 2022 മുതൽ 2025 വരെയുള്ള 3 വർഷക്കാലയളവിൽ മൂന്നര ലക്ഷത്തിലധികം സംരംഭങ്ങൾ കേരളത്തിൽ ആരംഭിച്ചു. ഒരു വർഷം കേരളത്തിൽ ആരംഭിച്ചിരുന്ന എംഎസ്എംഇ സംരംഭങ്ങൾ ഓരോ മാസവും കേരളത്തിൽ ആരംഭിച്ചു. പ്രതിദിനം മുന്നൂറിലധികം എംഎസ്എംഇകൾ. ഓരോ മണിക്കൂറിലും ശരാശരി 14 എംഎസ്എംഇകൾക്ക് അനുമതി. ഫലമോ.? ഇന്ത്യയിലെ ബെസ്റ്റ് പ്രാക്റ്റീസ് ഇൻ എം എസ് എം ഇ അംഗീകാരം, അമേരിക്കൻ സൊസൈറ്റി ഫോർ പബ്ലിക് അഡ്മിനിസ്ട്രേഷന്റെ നോവൽ ഇന്നോവേഷൻ ഇൻ പബ്ലിക് അഡ്മിനിസ്ട്രേഷൻ അംഗീകാരം. ഒപ്പം കേരളത്തിന് 22,688 കോടി രൂപയുടെ നിക്ഷേപം, 7.5ലക്ഷം തൊഴിലവസരങ്ങൾ, ഒരു ലക്ഷത്തിലധികം വനിതാ സംരംഭകർ.. ഈ മാറ്റമാണ് റിയൽ കേരള സ്റ്റോറി. ഈ മുന്നേറ്റമാണ് കേരള മോഡൽ - മന്ത്രി പോസ്റ്റിൽ കുറിച്ചു.
എൽഡിഎഫ് സർക്കാരിന്റെ ക്രിയാത്മകമായ ഇടപെടലിലാണ് വ്യവസായസൗഹൃദ സംസ്ഥാനങ്ങളിൽ ഇരുപത്തെട്ടാം സ്ഥാനത്തുനിന്ന് ഒന്നാംസ്ഥാനത്തേക്ക് കേരളമെത്തിയത്. ആധുനിക വ്യവസായ മേഖലകളിൽ വൻതോതിൽ നിക്ഷേപം ആകർഷിക്കുക, പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുക, ചെറുകിട വ്യവസായ മേഖലയ്ക്ക് ഉത്തേജനം നൽകുക എന്നിവയിൽ ഊന്നിയാണ് പുതുചരിത്രം രചിച്ചത്.
കിൻഫ്രയുടെ 34 വ്യവസായപാർക്കുകളിലായി 1400 യൂണിറ്റുണ്ട്. 6280 കോടിയുടെ നിക്ഷേപവും 72,500 തൊഴിലവസരങ്ങളുമാണ് സൃഷ്ടിച്ചത്. 10 വ്യവസായപാർക്കുകൾ എൽഡിഎഫ് ഭരണകാലത്ത് പുതുതായി ആരംഭിച്ചു എന്നാണ് കണക്കുകൾ.








0 comments