ഭരത് മുരളി നാടകോത്സവം: വേറിട്ട അനുഭവമായി കീഴാളരാഷ്ട്രീയം പറഞ്ഞ ശക്തിയുടെ 'പൊറാട്ട്'

അബുദാബി: ഭരത് മുരളി നാടകോത്സവത്തിൽ വേറിട്ട അനുഭവമായി കീഴാളരാഷ്ട്രീയം പറഞ്ഞ ശക്തിയുടെ 'പൊറാട്ട്'. ജീവിതം പിന്നാമ്പുറത്ത് ഒതുക്കി വച്ച് ചമയമണിഞ്ഞ് നിറഞ്ഞ ചിരിയോടെ പൊറാട്ട് നാടകം ആടുന്ന അപ്പു ആശാന്റെയും സംഘത്തിന്റെയും വേദനകൾ പ്രേക്ഷകരിലേക്ക് പകർന്നു നൽകുകയായിരുന്നു പൊറാട്ട്. നിഖിൽ ദാസ് രചനയും സംവിധാനവും നിർവ്വഹിച്ച 'പൊറാട്ട്' ശക്തി തിയറ്റേഴ്‌സ് അബുദാബിയാണ് കേരള സോഷ്യൽ സെന്ററിൽ അവതരിപ്പിച്ചത്.
ജാതി സമൂഹത്തിൽ ‘കീഴാളർ’എന്നു വിളിക്കപ്പെട്ട പാണന്മാർ അവതരിപ്പിച്ചുവന്നിരുന്ന നൂറ്റാണ്ടുകളോളം പഴക്കമുള്ള പ്രധാന നാടോടി കലാരൂപമായ പൊറാട്ടിനെ ആസ്പദമാക്കിയാണ് നാടകത്തിന്റെ കഥ നടക്കുന്നത്. അപ്പു ആശാന്റെയും അഭ്യസ്തവിദ്യനായ മകൻ വികാസ് കുമാറിന്റെയും ജീവിതത്തിലെ സംഘർഷങ്ങളിലൂടെ പുറത്താക്കപ്പെട്ടവരുടെ ജീവിതത്തിലൂടെ ചരിത്രത്തെയും വർത്തമാനത്തെയും മുൻനിർത്തി ജാതിയെ എങ്ങനെയാണ് നാം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നതെന്ന് പറയാനാണ് നാടകം ശ്രമിച്ചത്.
എന്നാൽ, രോഹിത് വെമൂല ആത്മഹത്യയിലൂടെയാണ് തന്റെ പ്രതിഷേധം രേഖപ്പെടുത്തിയതെങ്കിൽ, നാടകത്തിലെ വികാസ് തൂക്കുകയർ ഉപേക്ഷിച്ച് അച്ഛൻ പകർന്നുനൽകിയ അതിജീവനത്തിന്റെ കഥകളിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ട്, പാട്ടും ആട്ടവുമായി പോരാട്ടവീര്യത്തോടെ സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന പോസിറ്റീവായ മാറ്റമാണ് നാടകം മുന്നോട്ടുവെക്കുന്നത്.
ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിച്ചുകൊണ്ട് നാടകത്തിന് തിരശ്ശീല വീഴുമ്പോൾ ഹർഷാരവത്തോടെയാണ് സദസ്സ് ഈ അവതരണത്തെ സ്വീകരിച്ചത്. പ്രകാശ് തച്ചങ്ങാട് അപ്പു ആശാനായും, ശ്രീബാബു പിലിക്കോട് മകൻ വികാസ് കുമാറായും മികച്ച പ്രകടനം കാഴ്ചവെച്ചു. ആശാന്റെ ഭാര്യയായി അനന്തലക്ഷ്മി, സുന്ദരേശനായി അഖിലേഷ്, മാതുവായി ശ്രീഷ്മ അനീഷ് എന്നിവരും വേഷമിട്ടു.
ഷീന സുനിൽ, രജിത് രാഘവൻ, അബ്ദുൽ ഹുസ്സൈൻ, ലക്ഷ്മി, ജിജോ, മുനീറ റായംസ്, മുസ്തഫ, നസീമ, നിഷിത, നിസാബ്, പ്രതിഭ, രാകേഷ്, ഷിബിൻ ഹാഖ്, ഷീല, ശ്രീജിഷ്, ബിയോൺ, നിർമൽ, അൻമിക, ആദികൃഷ്ണ, സാജിദ്, അയാൻ അലി, മർസൂഖ്, രോഹിത്, സായി മാധവ്, ദേവാനന്ദ് എന്നിവർ മറ്റു കഥാപാത്രങ്ങൾക്ക് ജീവൻ നൽകി. നിജിൽ ദാസ്, അനീഷ ഷഹീർ( സംഗീതം), ധനേഷ് (പ്രകാശവിതാനം), വേണു, അശോകൻ (രംഗസജ്ജീകരണം), ക്ലിന്റ് പവിത്രൻ (ചമയം), നിഖിൽ ദാസ് (വാസ്‌താലങ്കാരം) എന്നിവരായിരുന്നു മറ്റു അണിയറ ശില്പികൾ.










0 comments