ഭരത് മുരളി നാടകോത്സവം; ശ്രീലങ്കൻ നൃത്ത സംഗീതപശ്ചാത്തലത്തിൽ സാമൂഹ്യ വിമർശനവുമായി 'ധോമി കിത കിത ധോമി'

അബുദാബി: അബുദാബി കേരള സോഷ്യൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചുവരുന്ന 14-ാമത് ഭരത് മുരളി നാടകോത്സവത്തിൽ ശക്തമായ സാമൂഹ്യ വിമർശനവുമായി 'ധോമി കിത കിത ധോമി' അരങ്ങേറി. ഒ ടി ഷാജഹാന്റെ സംവിധാനത്തിൽ തിയറ്റർ ദുബായ് ഇന്റർനാഷണലാണ് നാടകം അവതരിപ്പിച്ചത്. ശ്രീലങ്കൻ നൃത്ത സംഗീത പശ്ചാത്തലത്തിൽ അവതരിപ്പിച്ച 'ധോമി കിത കിത ധോമി' എല്ലാ വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും മീതെയാണ് മാനവികതയ്ക്കുള്ള സ്ഥാനമെന്ന് അടിവരയിട്ട് പറയുന്നു.
റസാഖ് രാമായണം നാടകരൂപത്തിൽ അവതരിപ്പിക്കാൻ തയ്യാറാവുകയും രാമായണത്തിലെ ശൂർപ്പണഖയെ വേദിയിലേക്ക് എത്തിക്കുവാനും കൂട്ടുകാരോടോത്ത് ശ്രമിക്കുകയും അവസാനം സമുദായത്തിന്റെ എതിർപ്പുകളെ വകവെക്കാതെ റസാഖ്, തന്റെ ഭാര്യയെ തന്നെ ശൂർപ്പണഖ വേഷം കെട്ടിക്കുകയും ചെയ്യുന്നു. രാമായണത്തിലെ ശൂർപ്പണഖയെ ചുറ്റിപ്പറ്റിയാണ് നാടകം മുന്നോട്ടു നീങ്ങുന്നത്.
ലളിതമായ ശൈലിയിൽ, സ്വാഭാവികതയും ദൃശ്യഭംഗിയും ഉയർത്തിക്കൊണ്ട് തെയ്യം, കളരിപ്പയറ്റ്, കോൽക്കളി, കൂത്ത് എന്നീ വിവിധങ്ങളായ കലാരൂപങ്ങളെ സമന്വയിപ്പിച്ചുകൊണ്ട് ഓരോ രംഗവും ലാളിത്യം നിറഞ്ഞ ഭാഷയിൽ അരങ്ങിൽ അവതരിപ്പിക്കാൻ കഴിഞ്ഞു. നാടകത്തിലെ കേന്ദ്രകഥാപാത്രമായ റസാഖിനെ ഡോ. ആരിഫ് കണ്ടോത്ത് മികവുറ്റതാതാക്കി. പാത്തുവായും ശൂർപ്പണഖയായും ദിവ്യ ബാബുരാജ് വേഷമിട്ടു.

സുഭാഷ് ദാസ്, പുഷ്പ വിജയ്, അക്ഷയ സന്തോഷ്, സോനാ ജയരാജ്, മനോജ് പദ്മനാഭൻ, അനൂപ് രത്ന, വി. വി. ജയരാജ്, സനിൽ കട്ടകത്ത്, ദിലീപ് ലാൽ, വിനയ് ഗോപകുമാർ, അനൂപ് ശ്രീകുമാർ, വിഷ്ണു പയ്യകടത്ത്, അബിസൺ ജോസഫ്, ആസ്റ്റിൻ അബി, എലിയാസ് പി ജോയ്, വൃന്ദ രംജിത്, ഷെമിനി സി എം, ശ്രീവിദ്യ രാജേഷ്, തുളസി ആനന്ദ്, സാക്ഷിത സന്തോഷ്, അനൈഷ, ലക്ഷ്മി, രണിത്, വാരിജിത് എന്നിവർ വിവിധ കഥാപാത്രങ്ങൾക്ക് ജീവൻ നൽകി.
നാരു പറൈ ഇസൈ, അലീഷാ ഷാജഹാൻ എന്നിവർ നാടകത്തിന് സംഗീതം പകർന്നപ്പോൾ, സനീഷ് കെ ഡി പ്രകാശവും, അലിയാർ അലി രംഗസജ്ജീകരണവും നിയന്ത്രിച്ചു. വസ്ത്രാലങ്കാരം ഡോ. നിത്യ സലാമും ചമയം മനോജ് പട്ടേനയുമാണ് കൈകാര്യം ചെയ്തത്.
ഭരത് മുരളി നാടകോത്സവത്തിലെ ആറാമത്തെ ദിവസമായ വെള്ളിയാഴ്ച എം എസ് ശിവകുമാറിന്റെ സംവിധാനത്തിൽ 'കാപ്പിരിക്കപ്പൽ' യുവകലാസാഹിതി തോപ്പിൽ ഭാസി നാടകസമിതി അവതരിപ്പിക്കും.










0 comments