റംസാനിലെ ഭിക്ഷാടനം; റാസൽഖൈമയിൽ നടപടി കടുപ്പിച്ചു: 19 പേർ പിടിയിൽ

പ്രതീകാത്മകചിത്രം
റാസൽഖൈമ : റംസാൻ മാസത്തിൽ ഭിക്ഷാടനത്തിനെതിരെ ശക്തമായ നടപടിയുമായി റാസൽഖൈമ പൊലീസ്. ഈ മാസം ഇതുവരെ 19 ഭിക്ഷാടകരെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. പിടിയിലായവരിൽ ഒരാളിൽനിന്ന് 11,000 ദിർഹം കണ്ടെത്തിയതായും പൊലീസ് വ്യക്തമാക്കി. ‘ഭിക്ഷാടനവിരുദ്ധ’ പ്രചാരണത്തിന്റെ ഭാഗമായാണ് നടപടി ശക്തമാക്കിയതെന്നും അധികൃതർ എക്‌സിൽ പങ്കുവച്ചു.
റംസാന്റെ ആദ്യവാരത്തിൽ ദുബായ് പൊലീസ് 26 ഭിക്ഷാടകരെ അറസ്റ്റ് ചെയ്തിരുന്നു. വിവിധ രാജ്യക്കാരാണ് പിടിയിലായത്. വാർഷിക പ്രചാരണത്തിന്റെ ഭാഗമായാണ് നടപടി. എമിറേറ്റിലെ പൊലീസ് സ്റ്റേഷനുകളുമായി സഹകരിച്ച് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം നടത്തിയ പ്രത്യേക പരിശോധനയിലാണ് അറസ്റ്റ്. പാർക്കിങ് സ്ഥലത്ത് 20,000 ദിർഹവുമായി ഭിക്ഷാടനം നടത്തിയ ഒരാളെയും ദുബായിൽ പൊലീസ് പിടികൂടി. റംസാനിൽ ഓൺലൈൻ വഴിയും റോഡുകളിലുമായി നടക്കുന്ന ഭിക്ഷാടനത്തിന്റെ അപകടങ്ങളെക്കുറിച്ച് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ഭിക്ഷാടനം ചെറുക്കുകയും യഥാർഥ സഹായം ആവശ്യമുള്ളവരെ കണ്ടെത്തുകയും ചെയ്യുകയാണ് നടപടികളുടെ ലക്ഷ്യം. 2021ലെ ഫെഡറൽ ഡിക്രി നിയമം അനുസരിച്ച് ഭിക്ഷാടനം കുറ്റകരമാണ്. സാങ്കേതികവിദ്യ ഉപയോഗിച്ച് ഭിക്ഷാടനം നടത്തിയാൽ മൂന്നുമാസംവരെ തടവും കുറഞ്ഞത് 10,000 ദിർഹം പിഴയും ശിക്ഷ ലഭിക്കാം.











0 comments