ദേശീയ കരാട്ടെ ചാമ്പ്യൻഷിപ്പിൽ തിളങ്ങി അവേഗ അജിത്ത്; മൂന്ന് സ്വർണം

ദുബായ് : ഡൽഹിയിലെ തൽക്കത്തോറ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മൂന്നാമത് പിഇഎഫ്ഐ–എൻകെഎഫ് (PEFI–NKF) ദേശീയ കരാട്ടെ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് അഭിമാനമായി എട്ടു വയസ്സുകാരി അവേഗ അജിത്ത്. അണ്ടർ–10 പെൺകുട്ടികളുടെ വിഭാഗത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് മത്സരിച്ച അവേഗ, കത്ത (Kata)യും കുമിതെ (Kumite)യും വിഭാഗങ്ങളിലായി മൂന്ന് സ്വർണ്ണ മെഡലുകൾ സ്വന്തമാക്കി. മുൻപ് നിരവധി അന്താരാഷ്ട്ര കരാട്ടെ മത്സരങ്ങളിൽ പങ്കെടുത്ത് മെഡലുകളും സർട്ടിഫിക്കറ്റുകളും നേടിയിണ്ട് അവേഗ.
നാഷണൽ കരാട്ടെ ഫെഡറേഷനും കായിക മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ഫിസിക്കൽ എഡ്യൂക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിച്ച ചാമ്പ്യൻഷിപ്പിൽ 32ലധികം സംസ്ഥാനങ്ങളിൽ നിന്നായി 1800ഓളം കായികതാരങ്ങൾ പങ്കെടുത്തു. എൻകെഎഫ് ജനറൽ സെക്രട്ടറി മനോജ് മിശ്ര, ഐടികെഎഫ് ഏഷ്യയുടെ ലോകപ്രശസ്ത സെൻസി ഗിൽബർട്ടോ ഗാർട്ട്നർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ദുബായ് അൽ ഗർഹൂദയിലെ ജെംസ് ലെഗസി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ അവേഗ, പ്രവാസലോകത്തുനിന്ന് ദേശീയ തലത്തിൽ കേരളത്തിന്റെ അഭിമാനമായി മാറുകയാണ്. തിരുവനന്തപുരം സ്വദേശികളായ അജിത്ത് രവിയുടെയും സാരംഗിയുടെയും മകളാണ്. ടൈഗർ ടീം അക്കാദമിയിലാണ് കരാട്ടെയിൽ പരിശീലനം നേടുന്നത്. സഹോദരൻ സവേഗ് അജിത്തും ഇതേ സ്കൂളിലെ വിദ്യാർത്ഥിയാണ്.
ചെറിയ പ്രായത്തിൽ തന്നെ കായികരംഗത്ത് ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ച അവേഗയെ അധ്യാപകരും സുഹൃത്തുക്കളും അഭിനന്ദിച്ചു.










0 comments