കുവൈത്ത് വിമാനത്താവളത്തിലും സലാല തുറമുഖത്തും ആക്രമണം; യുഎഇയില്‍ 5 ഇന്ത്യക്കാര്‍ക്ക് പരിക്ക്

ഫയൽ ചിത്രം
കുവൈത്ത് സിറ്റി/സലാല/മനാമ: ഗള്‍ഫ് രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ള ഇറാന്‍ ആക്രമണത്തില്‍ പലയിടത്തും വ്യാപകനാശം. അബുദാബി ഖലീഫ ഇക്കണോമിക് സോണില്‍ മിസൈല്‍ അവശിഷ്ടം പതിച്ചുണ്ടായ തീപിടിത്തത്തില്‍ അഞ്ച് ഇന്ത്യക്കാരടക്കം ആറു പേര്‍ക്ക് പരിക്ക്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണത്തില്‍ റഡാര്‍ സംവിധാനത്തിന് കേടുപാട് പറ്റി. ഒമാനിലെ സലാല തുറമുഖത്ത് ഡ്രോണ്‍ ആക്രമണത്തില്‍ വിദേശി തൊഴിലാളിക്ക് പരിക്കേറ്റു.
ശനി പുലര്‍ച്ചെയാണ് യുഎഇയെ ലക്ഷ്യമിട്ട് ഇറാനില്‍നിന്ന് ക്രൂയിസ് മിസൈല്‍, ഡ്രോണ്‍ ആക്രമണമുണ്ടായത്. യുഎഇ വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്ത മിസൈലിന്റെ അവശിഷ്ടം പതിച്ച് മൂന്നിടത്ത് തീപിടിച്ചു. അഗ്നിശമന വിഭാഗം, തീ നിയന്ത്രണ വിധേയമാക്കി. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഒരാളുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. യുഎഇ ലക്ഷ്യമാക്കി ഇറാന്‍ ശനിയാഴ്ച തൊടുത്തുവിട്ട 20 ബാലിസ്റ്റിക് മിസൈലും 37 ഡ്രോണും വ്യോമപ്രതിരോധ സേന ആകാശത്തുവച്ച് തകര്‍ത്തു.
കുവൈത്തിൽ വിമാനത്താവളത്തിനുനേരെ ശനി പുലര്‍ച്ചെയാണ് വീണ്ടും ഡ്രോണ്‍ ആക്രമണമുണ്ടായത്. വിമാനത്താവളത്തിലെ റഡാര്‍ സംവിധാനത്തിന് സാരമായ നാശനഷ്ടം സംഭവിച്ചതായി കുവൈത്ത് വ്യോമയാന അതോറിറ്റി വക്താവ് അബ്ദുള്ള അല്‍ രാജി വ്യക്തമാക്കി. സംഭവത്തിൽ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ബുധന്‍ പുലര്‍ച്ചെ വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകള്‍ക്ക് ഡ്രോണ്‍ ആക്രമണത്തില്‍ തീപിടിച്ചിരുന്നു.
ആക്രമണത്തിനുപിന്നാലെ അടിയന്തര സംഘങ്ങൾ സ്ഥലത്തെത്തി സാഹചര്യം നിയന്ത്രണവിധേയമാക്കി. കേടുപാടുകളുടെ വ്യാപ്തി വിലയിരുത്താനും സുരക്ഷ ഉറപ്പാക്കാനുമായി തുടർനടപടികൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം ഷുവൈഖ് തുറമുഖത്തെ ലക്ഷ്യമിട്ടുള്ള ഡ്രോൺ ആക്രമണത്തിലും അടിസ്ഥാന സൗകര്യങ്ങൾക്ക് കേടുപാട് സംഭവിച്ചിരുന്നു. ഇതിലും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. സുരക്ഷാ വിഭാഗങ്ങൾ സ്ഥലത്തെത്തി സ്ഥിതി നിയന്ത്രണവിധേയമാക്കി. പ്രവർത്തനം തടസ്സപ്പെടാതിരിക്കാനുള്ള നടപടിയും സ്വീകരിച്ചിരുന്നു.
സലാല തുറമുഖത്തിനുനേരെ രാവിലെ രണ്ട് ഡ്രോൺ ഉപയോഗിച്ചായിരുന്നു ആക്രമണം. തുറമുഖത്തെ കൂറ്റന്‍ ക്രെയിനിന് കേടുപാടുകള്‍ സംഭവിച്ചു. തുറമുഖത്തെ പ്രവര്‍ത്തനം 48 മണിക്കൂര്‍ നേരത്തേക്ക് നിര്‍ത്തിവച്ചതായി ഷിപ്പിങ് കമ്പനിയായ മേയിര്‍സ്‌ക് അറിയിച്ചു. അമേരിക്കന്‍ ലോജിസ്റ്റിക് കപ്പലിനെയാണ് തങ്ങള്‍ ലക്ഷ്യംവച്ചതെന്ന് ഇറാന്‍ അവകാശപ്പെട്ടു. രാജ്യസുരക്ഷയെ ബാധിക്കുന്ന ആക്രമണങ്ങളെ ഒമാൻ ശക്തമായി അപലപിച്ചു. ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിലും പൗരന്മാരുടെയും താമസക്കാരുടെയും സംരക്ഷണം ഉറപ്പുവരുത്തുന്നതിലും രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും ഒമാൻ വ്യക്തമാക്കി.
സൗദി അറേബ്യൻ തലസ്ഥാനം റിയാദിനെ ലക്ഷ്യമാക്കി തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ വ്യോമ പ്രതിരോധ സേന തകര്‍ത്തു. ആറ് ബാലിസ്റ്റിക് മിസൈലാണ് ശനി ഉച്ചയോടെ തൊടുത്തുവിട്ടത്. ഇതില്‍ രണ്ടെണ്ണം തകര്‍ത്തു. ബാക്കി ജനവാസമില്ലാത്ത മേഖലയിലും പേര്‍ഷ്യന്‍ ഗള്‍ഫിലും പതിച്ചു. വെള്ളി അര്‍ധരാത്രിമുതല്‍ പത്തിലധികം ഡ്രോൺ റിയാദിനെ ലക്ഷ്യമിട്ടെത്തിയെങ്കിലും അവയെല്ലാം തകര്‍ത്തു. ആക്രമണം ആരംഭിച്ചതുമുതല്‍ ഇതുവരെ 740 ഡ്രോണും 54 ബാലിസ്റ്റിക് മിസൈലും ഏഴ് ക്രൂയിസ് മിസൈലും സൗദിക്കുനേരെ എത്തി.
ഇറാന്‍ ആക്രമണത്തെ തുടര്‍ന്ന് ബഹ്‌റൈനിലെ കേന്ദ്രത്തിലുണ്ടായ തീ നിയന്ത്രണവിധേയമാക്കിയതായി ആഭ്യന്തര മന്ത്രാലയം എക്‌സില്‍ അറിയിച്ചു. ഫെബ്രുവരി 28 മുതല്‍ ഇതുവരെ ഏകദേശം 174 ബാലിസ്റ്റിക് മിസൈലും 385 ഡ്രോണും ബഹ്‌റൈന്‍ വിജയകരമായി പ്രതിരോധിച്ചു.










0 comments