ad
Deshabhimani

കുവൈത്ത്‌ വിമാനത്താവള റഡാറിനുനേരെ ആക്രമണം; ശക്തമായ പ്രതിഷേധവുമായി ഡിജിസിഎ

Kuwait Airport
വെബ് ഡെസ്ക്

Published on Jun 14, 2026, 11:07 AM | 1 min read

കുവൈത്ത് സിറ്റി : കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റഡാർ സംവിധാനങ്ങളെ ലക്ഷ്യമിട്ടുള്ള ഇറാൻ ആക്രമണങ്ങളിൽ ശക്തമായ പ്രതിഷേധമറിയിച്ച്‌ കുവൈത്ത് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). വിഷയത്തിൽ അന്താരാഷ്‌ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്‌ (ഐസിഎഒ) മൂന്നാമത്തെ ഔദ്യോഗിക പരാതിക്കത്ത് സമർപ്പിച്ചു. ​വ്യാഴം രാവിലെ നടന്ന അവസാനത്തെ ആക്രമണത്തിൽ വിമാനത്താവളത്തിലെ റഡാർ സംവിധാനങ്ങൾക്ക് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചു. തുടർന്ന് വ്യോമഗതാഗത പ്രവർത്തനങ്ങൾ താൽക്കാലികമായി തടസ്സപ്പെടുകയും അടിയന്തര മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ട സാഹചര്യം ഉണ്ടായതായും അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ പരിക്കുകളും സാമ്പത്തിക നഷ്ടവും റിപ്പോർട്ട് ചെയ്തു.


​സുരക്ഷാസാഹചര്യം വിലയിരുത്തി താൽക്കാലികമായി ഭാഗിക വ്യോമഗതാഗത നിയന്ത്രണങ്ങൾ നടപ്പിലാക്കിയിരുന്നു. തുടർന്ന് അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് സാധാരണ വിമാന സർവീസുകൾ പുനഃസ്ഥാപിച്ചതായും ഡിജിസിഎ അറിയിച്ചു. അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും ഗുരുതരമായി ലംഘിക്കുന്ന നടപടിയാണ് ഇത്തരം സംഭവങ്ങൾ. ആക്രമണങ്ങൾ യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷയ്ക്ക്‌ ഭീഷണിയാണ്‌. വ്യോമഗതാഗത സംവിധാനങ്ങളുടെ സുരക്ഷയെത്തന്നെ അപകടത്തിലാക്കുന്നുവെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ആക്രമണങ്ങൾക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഐസിഎഒയോട് അഭ്യർഥിച്ച ഡിജിസിഎ അന്താരാഷ്ട്ര നിയമപ്രകാരം കുവൈത്തിനുള്ള എല്ലാ നിയമപരമായ അവകാശങ്ങളും സംരക്ഷിക്കുമെന്നും വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home