ഓഹരി വിപണി ദുരുപയോഗ നിയന്ത്രണത്തിൽ വീഴ്ച; ആർക്ക് ക്യാപിറ്റലിന് 18.5 ലക്ഷം ദിർഹം പിഴ

ദുബായ് : ഓഹരി വിപണി ദുരുപയോഗം തടയാനുള്ള നിയന്ത്രണ സംവിധാനങ്ങളിൽ ഗുരുതര വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് ആർക്ക് ക്യാപിറ്റൽ മാനേജ്മെന്റ് (ദുബായ്) ലിമിറ്റഡിന് ഏകദേശം 18.5 ലക്ഷം ദിർഹം പിഴ ചുമത്തി. സംശയാസ്പദ ഇടപാടുകൾ കണ്ടെത്താൻ സംവിധാനങ്ങൾ ഉണ്ടായിരുന്നിട്ടും ആർക്ക് ക്യാപിറ്റൽ മുന്നറിയിപ്പുകൾ യഥാസമയം വിലയിരുത്തുകയോ പരിശോധിക്കുകയോ ചെയ്തില്ലെന്ന് കണ്ടെത്തിയിരുന്നു. ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിൽ പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന ദുബായ് ഫിനാൻഷ്യൽ സർവീസസ് അതോറിറ്റി (ഡിഎഫ്‌എസ്‌എ)യുടെ അന്വേഷണത്തിലാണ് പിഴ ചുമത്തിയത്.
കുറഞ്ഞത് പത്ത് ഇടപാടുകൾ ശ്രദ്ധയിൽപ്പെടാതെ പോവുകയോ വൈകി റിപ്പോർട്ട് ചെയ്യപ്പെടുകയോ ഉണ്ടായി. കൂടാതെ, സ്ഥാപനത്തിലെ നിയന്ത്രണ ഘടനയിൽ നിർദേശിച്ച മാറ്റം റെഗുലേറ്ററോട് അറിയിക്കുന്നതിലും കമ്പനി പരാജയപ്പെട്ടതായി ഡിഎഫ്‌എസ്‌എ വ്യക്തമാക്കി. നേരത്തേ, ഒത്തുതീർപ്പിന് തയ്യാറായതിനാൽ പിഴത്തുകയിൽ ഇളവ് അനുവദിച്ചു. ഇളവ് ലഭിച്ചില്ലായിരുന്നുവെങ്കിൽ പിഴ ഏകദേശം 26.4 ലക്ഷം ദിർഹമായേനെയെന്ന് ഡിഎഫ്‌എസ്‌എ അറിയിച്ചു. ധനകാര്യ വിപണികളുടെ വിശ്വാസ്യത അതിലെ പങ്കാളികളുടെ ജാഗ്രതയിൽ അധിഷ്ഠിതമാണെന്ന് ഡിഎഫ്‌എസ്‌എ എൻഫോഴ്‌സ്‌മെന്റ് മാനേജിങ് ഡയറക്ടർ അലൻ ലിന്നിങ് പറഞ്ഞു. മാർക്കറ്റ് ദുരുപയോഗം തടയാൻ ആവശ്യമായ സംവിധാനങ്ങൾ നിലനിർത്തുകയും സംശയാസ്പദ ഇടപാടുകൾ കണ്ടെത്തിയാൽ ഉടൻ റിപ്പോർട്ട് സമർപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.










0 comments