അറബി ഇ - പുസ്‌തകം: വമ്പൻ പദ്ധതിയുമായി ഷാർജ

എഐ നിർമിത ചിത്രം
ഷാർജ : അടുത്ത മൂന്നുവർഷത്തിനുള്ളിൽ ഒരുലക്ഷം അറബി ഇ-പുസ്തകങ്ങളും ആയിരം ഓഡിയോ പുസ്തകങ്ങളും വായനക്കാർക്ക് ലഭ്യമാക്കാനുള്ള പദ്ധതി ഷാർജയിൽ ഒരുങ്ങുന്നു. അന്താരാഷ്ട്ര പുസ്തകമേളയിൽ കലിമാത് ഫൗണ്ടേഷൻ, വേൾഡ് ഇന്റലക്ച്വൽ പ്രോപ്പർട്ടി ഓർഗനൈസേഷൻ, ആക്സസിബിൾ ബുക്സ് കൺസോർഷ്യം, അന്താരാഷ്ട്ര എഴുത്തുകാരുടെ ഫോറം എന്നിവയുടെ പ്രതിനിധികൾ പങ്കെടുത്ത സംവാദത്തിലാണ് ഡിജിറ്റൽ പുസ്തകങ്ങളുടെ വായന വർധിപ്പിക്കാനുള്ള പദ്ധതി അവതരിപ്പിച്ചത്. കാഴ്ചപരിമിതി ഉള്ളവർക്ക് പുസ്തകങ്ങൾ കൂടുതൽ പ്രാപ്യമാക്കാനായി നിർമിതബുദ്ധി ഉപയോഗിച്ച് അനുയോജ്യമായ ഡിജിറ്റൽ രൂപങ്ങളിലേക്ക് മാറ്റുന്ന സംവിധാനവും വികസിപ്പിക്കുന്നുണ്ട്. 2027ൽ ഈ സാങ്കേതികവിദ്യയുടെ ഉപയോഗം പൂർണമായി വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഈ അറബി ഡിജിറ്റൽ ലൈബ്രറി പദ്ധതിയിൽ ഷാർജ ബുക്ക് അതോറിറ്റിയും സജീവ പങ്കാളിയാണ്.









0 comments