ഇതുവരെ 212 മിസൈലുകളും 394 ഡ്രോണുകളും നിർവീര്യമാക്കി
കുവൈത്തിനെ ലക്ഷ്യമിട്ട് വീണ്ടും മിസൈൽ -ഡ്രോൺ ആക്രമണം

കെ ശ്രീജിത്ത്
Published on Mar 07, 2026, 10:28 AM | 2 min read
കുവൈത്ത് സിറ്റി: കുവൈത്തിനെ ലക്ഷ്യമിട്ട് വെള്ളിയാഴ്ചയും മിസൈൽ-ഡ്രോൺ ആക്രമണം ഉണ്ടായതായി കുവൈത്ത് സായുധ സേന അറിയിച്ചു. രാജ്യത്തിന്റെ വ്യോമാതിർത്തിയിലേക്ക് എത്തിയ ഭീഷണികളെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വിജയകരമായി തടഞ്ഞതായി കുവൈത്ത് ആർമി പ്രസ്താവനയിൽ വ്യക്തമാക്കി.
മേഖലയിലെ നിലവിലെ സംഘർഷ സാഹചര്യങ്ങളെക്കുറിച്ച് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് കേണൽ സൗദ് അൽ-അത്‌വാൻ നൽകിയ വിവരമനുസരിച്ച്, കുവൈത്ത് വ്യോമാതിർത്തിയെ ലക്ഷ്യമാക്കി എത്തിയ 212 ബാലിസ്റ്റിക് മിസൈലുകളും 394 ഡ്രോണുകളും ഇതുവരെ വിജയകരമായി നിർവീര്യമാക്കി. രാജ്യത്തെ സുപ്രധാന കേന്ദ്രങ്ങളെയും താമസമേഖലകളെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണങ്ങൾ നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കുവൈത്തിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉയർന്ന ജാഗ്രതയോടെയും ശക്തമായ ഏകോപനത്തോടെയും പ്രവർത്തിച്ചുകൊണ്ടാണ് ഈ ഭീഷണികളെ ചെറുത്തതെന്ന് അദ്ദേഹം പറഞ്ഞു. സൈനിക വിഭാഗങ്ങൾ സുരക്ഷാ ഏജൻസികളുമായും മറ്റ് സർക്കാർ സ്ഥാപനങ്ങളുമായും ചേർന്ന് രാജ്യത്തിന്റെ വ്യോമപരിധിയും ദേശീയ സുരക്ഷയും ഉറപ്പാക്കുന്നതിനായി നിരന്തരമായ നിരീക്ഷണവും പ്രതിരോധ നടപടികളും തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിരോധ നടപടികൾക്കിടെ മിസൈലുകളുടെയും ഡ്രോണുകളുടെയും അവശിഷ്ടങ്ങൾ രാജ്യത്തെ വിവിധ താമസമേഖലകളിൽ പതിച്ചതിനെ തുടർന്ന് ചില സ്ഥലങ്ങളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തതായി അധികൃതർ അറിയിച്ചു. ഈ സംഭവങ്ങളിൽ കുവൈത്ത് സായുധ സേനയിലെ രണ്ട് അംഗങ്ങളും ഒരു പെൺകുട്ടിയും മരണപ്പെട്ടതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.
67 സൈനികർക്കു പരിക്കേറ്റതായും കേണൽ സൗദ് അൽ-അത്‌വാൻ അറിയിച്ചു. പരിക്കേറ്റവരെ ഉടൻ ആശുപത്രികളിലേക്ക് മാറ്റി ആവശ്യമായ ചികിത്സ നൽകുകയുണ്ടായി. ഇവരിൽ രണ്ട് പേർ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണെന്നും മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ വ്യോമപരിധിയും ദേശീയ സുരക്ഷയും സംരക്ഷിക്കുന്നതിനായി കുവൈത്ത് സായുധ സേന പരമാവധി ജാഗ്രതയിൽ തുടരുകയാണെന്നും ഏത് തരത്തിലുള്ള ഭീഷണിയെയും നേരിടാൻ സൈന്യം സന്നദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കി ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.
അതിനിടെ, കുവൈത്തിൽ 50 തവണ വ്യോമാക്രമണ മുന്നറിയിപ്പ് സൈറൺ മുഴങ്ങിയെന്നും മിസൈൽ-ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചതായും റിപ്പോർട്ടുണ്ട്. സർക്കാർ കമ്മ്യൂണിക്കേഷൻ സെന്റർ സംഘടിപ്പിച്ച സംയുക്ത മാധ്യമ ബ്രീഫിംഗിൽ സംസാരിച്ച ആഭ്യന്തര മന്ത്രാലയത്തിലെ ജനസമ്പർക്ക-സുരക്ഷാ മാധ്യമ വിഭാഗം ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ നാസർ ബൗസ്ലൈബ്, രാജ്യത്തിന്റെ സുരക്ഷാ സ്ഥിതി സ്ഥിരതയിലാണെന്നും സുരക്ഷാ-പ്രതിരോധ സംവിധാനങ്ങൾ ഉയർന്ന ജാഗ്രതയിൽ പ്രവർത്തിക്കുന്നുവെന്നും അറിയിച്ചു.
മിസൈൽ-ഡ്രോൺ അവശിഷ്ടങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ലഭിച്ചതിനെ തുടർന്ന് സൈന്യം, ആഭ്യന്തര മന്ത്രാലയം, നാഷണൽ ഗാർഡ് എന്നിവയുടെ സംഘങ്ങൾ സ്ഥലങ്ങളിൽ എത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു.
സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ വിശ്വസിക്കാതെ ഔദ്യോഗിക വിവരങ്ങൾ മാത്രം പിന്തുടരണമെന്നും സംശയാസ്പദ വസ്തുക്കൾ കാണുന്ന പക്ഷം ഉടൻ 112 എന്ന അടിയന്തര നമ്പറിൽ വിവരം അറിയിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
മേഖലയിൽ തുടരുന്ന സുരക്ഷാ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്തുടനീളമുള്ള ആരോഗ്യ സ്ഥാപനങ്ങളിൽ അടിയന്തര തയ്യാറെടുപ്പുകൾ ശക്തമാക്കിയതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ആശുപത്രികളും ആരോഗ്യ കേന്ദ്രങ്ങളും ഉൾപ്പെടുത്തി ആരോഗ്യ അടിയന്തര നടപടികൾ സജീവമാക്കിയതായും ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങളുമായി ഏകോപിച്ച് ആരോഗ്യ വകുപ്പ് ഇരുപത്തിനാലു മണിക്കൂറും സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഡോ. അബ്ദുല്ല അൽ-സനദ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ആശുപത്രികളിലെ അടിയന്തര വിഭാഗങ്ങളും തീവ്രപരിചരണ വിഭാഗങ്ങളും കൂടുതൽ സജ്ജമാക്കിയിട്ടുണ്ടെന്നും എല്ലാ ആരോഗ്യ കേന്ദ്രങ്ങളും പ്രവർത്തന പദ്ധതികൾ പുനഃപരിശോധിച്ച് നടപ്പിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ആവശ്യമായ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും മതിയായ രീതിയിൽ സജ്ജീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി സർക്കാർ ആശുപത്രികളിൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ താൽക്കാലികമായി മാറ്റിവെച്ചിട്ടുണ്ട്. അതേസമയം ആശുപത്രികളും പ്രത്യേക ചികിത്സാ കേന്ദ്രങ്ങളും ദന്തചികിത്സാ ക്ലിനിക്കുകളും സാധാരണ സേവനങ്ങൾ തുടരുന്നുവെന്നും അധികൃതർ അറിയിച്ചു.










0 comments