ശമ്പളം വൈകിയാൽ നടപടി; പരിശോധന കടുപ്പിച്ച് മാനവശേഷി അതോറിറ്റി

കെ ശ്രീജിത്ത്
Published on Apr 23, 2026, 03:49 PM | 1 min read
കുവൈത്ത് സിറ്റി : തൊഴിലാളികളുടെ ശമ്പളം സമയബന്ധിതമായി നൽകാത്ത സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പുമായി കുവൈത്ത് മാനവശേഷി അതോറിറ്റി. വേതന സംരക്ഷണ സംവിധാനം കർശനമായി നടപ്പാക്കാനായി പരിശോധന കൂടുതൽ ശക്തമാക്കാനും തീരുമാനം. ശമ്പളവിതരണം അംഗീകൃത മാർഗങ്ങൾ വഴിയും നിശ്ചിത സമയപരിധിക്കുള്ളിലും നടത്തണമെന്നും അതോറിറ്റി തൊഴിലുടമകൾക്ക് നിർദേശം നൽകി.
ശമ്പളം കൃത്യസമയത്ത് നൽകുന്നത് സ്ഥാപനങ്ങളുടെ സ്ഥിരതയ്ക്കും പ്രവർത്തന തുടർച്ചയ്ക്കും അനിവാര്യ ഘടകമാണ്. ഓരോ മാസവും ഔദ്യോഗികമായി അംഗീകൃത ബാങ്കിങ് സംവിധാനങ്ങൾ വഴിയാണ് ശമ്പളം കൈമാറേണ്ടത്. ഇതിലൂടെ സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുകയും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുകയും ചെയ്യുമെന്നും അതോറിറ്റി ചൂണ്ടിക്കാട്ടി. നിയമലംഘനം കണ്ടെത്തുന്ന സ്ഥാപനങ്ങൾക്കെതിരെ ഭരണനടപടികൾ സ്വീകരിക്കും. കമ്പനികളുടെ ഫയലുകൾ സ്വമേധയാ സസ്‌പെൻഡ് ചെയ്യുന്നതടക്കമുള്ള കർശന ശിക്ഷകളും ഏർപ്പെടുത്തുമെന്ന് അതോറിറ്റി മുന്നറിയിപ്പ് നൽകി. തൊഴിലിടങ്ങളിൽ നിയമാനുസൃതവും സ്ഥിരതയുള്ളതുമായ അന്തരീക്ഷം ഉറപ്പാക്കാൻ എല്ലാ തൊഴിൽദാതാക്കളും ചട്ടങ്ങൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
സ്ഥാപനങ്ങളുടെ നടപടിക്രമങ്ങൾ ലളിതമാക്കാനായി ‘അസ്‌ഹൽ’ പോർട്ടൽ വഴി പുതിയ ഇ–-സേവനങ്ങളും അവതരിപ്പിച്ചു. സെക്ടറിന് പുറത്തുനിന്നുള്ള തൊഴിലാളി മാറ്റങ്ങൾക്ക് വർക്ക് പെർമിറ്റ് അനുവദിക്കൽ, പ്രവാസി തൊഴിലാളികളുടെ വർക്ക് പെർമിറ്റ് റദ്ദാക്കൽ, റദ്ദാക്കിയ പെർമിറ്റുകൾ പുനഃസ്ഥാപിക്കൽ എന്നിവ ഉൾപ്പെടുന്ന സേവനങ്ങളാണ് പുതുതായി ആരംഭിച്ചത്. ഭാര്യ, മക്കൾ, പൗരന്മാരുടെ ബന്ധുക്കൾ, നിയമസ്ഥിതി ഭേദഗതി ചെയ്തവർ എന്നിവർ ഉൾപ്പെടുന്ന ആർട്ടിക്കിൾ 26, 27, 28, 29, 30 വിഭാഗങ്ങളിലെ താമസവിഭാഗങ്ങൾക്കാണ് സേവനങ്ങൾ ബാധകമാകുന്നത്.
നടപടിക്രമങ്ങൾ വേഗത്തിലാക്കാനും രേഖാപരമായ ബുദ്ധിമുട്ടുകൾ കുറയ്ക്കാനും സ്ഥാപനങ്ങളുടെ കാര്യക്ഷമത ഉയർത്താനും സംവിധാനം സഹായിക്കും. തൊഴിൽനിയമങ്ങൾ കൂടുതൽ ഫലപ്രദമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനും പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നതായി അധികൃതർ വ്യക്തമാക്കി.










0 comments