അപകടവും ലംഘനങ്ങളും കുത്തനെ കുറഞ്ഞു; പുതിയ ഗതാഗതനിയമം ഫലപ്രദം

കെ ശ്രീജിത്ത്
Published on Jun 04, 2025, 02:47 PM | 1 min read
കുവൈത്ത് സിറ്റി: കുവൈത്തിൽ ഏപ്രിൽ 22ന് പ്രാബല്യത്തിൽ വന്ന പുതിയ ഗതാഗതനിയമം ഗതാഗതക്രമത്തിൽ ഗണ്യമായ പുരോഗതി കൊണ്ടുവന്നതായി ആഭ്യന്തര മന്ത്രാലയം. വാഹനാപകടങ്ങളിലും ഗതാഗതനിയമലംഘനങ്ങളിലും കുത്തനെ കുറവുണ്ടായതായും മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. മേയിൽ വാഹനാപകടത്തിൽ ജീവൻ നഷ്‌ടപ്പെട്ടത് 10 പേർക്ക് മാത്രമാണെന്നും അധികൃതർ വ്യക്തമാക്കി.
2024 മേയിൽ 22 പേർ അപകടത്തിൽ മരിച്ചിരുന്നു. മരണനിരക്കിൽ 55 ശതമാനത്തോളം കുറവ് രേഖപ്പെടുത്തി. അന്താരാഷ്ട്ര നിലവാരത്തിലുള്ള ട്രാഫിക് കാമറ വഴിയാണ് ഭൂരിഭാഗം നിയമലംഘനങ്ങളും കണ്ടെത്തിയത്. മേയിൽ ഈ സംവിധാനത്തിലൂടെ രേഖപ്പെടുത്തിയ ഗതാഗതനിയമലംഘനം 28,464 ആയിരുന്നു. 2024 മേയിൽ 1,68,208 ഉണ്ടായിരുന്നു. നിയമലംഘനം 83 ശതമാനത്തോളം കുറഞ്ഞു.
വേഗപരിധി ലംഘിക്കൽ, ചുവപ്പ് സിഗ്നൽ മറികടക്കൽ, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കൽ തുടങ്ങിയവയാണ് പ്രധാനമായും കുറഞ്ഞ ലംഘനങ്ങൾ. സീറ്റ് ബെൽറ്റ് ഉപയോഗിക്കാത്തതും ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കലും 22,574 ആയി കുറഞ്ഞതും ശ്രദ്ധേയമാണ്. 2024നേക്കാൾ നാലിരട്ടിയിലധികം കുറവാണിത്.
നിയമം നടപ്പാക്കിയതോടെ ആഭ്യന്തര മന്ത്രാലയവും ഗതാഗത വകുപ്പും ചേർന്ന് വ്യാപക ബോധവൽക്കരണ പ്രവർത്തനങ്ങളും കർശന പരിശോധനകളും നടത്തിയിരുന്നു. നിയമലംഘനങ്ങൾക്ക് കനത്ത പിഴയും ആവശ്യമായ സാഹചര്യത്തിൽ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കൽ പോലുള്ള കർശന നടപടികളും സ്വീകരിച്ചു. ഇതാണ് ഫലപ്രാപ്തിയ്ക്ക് വഴിവച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി.










0 comments