2025ലെ കണക്ക് പുറത്തുവിട്ട് ആര്‍എല്‍എസ്ബി; ബഹ്‌റൈൻ ബീച്ചുകളില്‍ രക്ഷപ്പെടുത്തിയത് 187 പേരെ

മനാമ: രാജ്യത്തെ ബീച്ചുകളില്‍ കഴിഞ്ഞവര്‍ഷം മുങ്ങിമരണത്തിന്റെ വക്കില്‍നിന്ന് 187 പേരെ രക്ഷപ്പെടുത്തിയതായി റോയല്‍ ലൈഫ് സേവിങ് ബഹ്‌റൈന്‍ (ആര്‍എല്‍എസ്ബി). കടലില്‍ ആഴമുള്ള ഭാഗങ്ങളിലേക്ക് നീന്തിപ്പോയവര്‍, ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട നീന്തല്‍ക്കാര്‍, ലൈഫ് ജാക്കറ്റില്ലാതെ കയാക്കിങ്ങിനിടെ അപകടത്തില്‍പ്പെട്ടവര്‍ തുടങ്ങിയവരാണ് രക്ഷപ്പെട്ടവരിൽ അധികവും.
സന്ദര്‍ശകര്‍ അപകടത്തില്‍പ്പെടാതിരിക്കാന്‍ കഴിഞ്ഞവര്‍ഷം 20,259 മുന്‍കരുതല്‍ നടപടി കൈക്കൊണ്ടതായി ആര്‍എല്‍എസ്ബി ജനറല്‍ മാനേജര്‍ സാം റഹ്‌മാന്‍ അറിയിച്ചു. കുട്ടികളെ കൃത്യമായി നിരീക്ഷിക്കാന്‍ മാതാപിതാക്കള്‍ക്ക് നിര്‍ദേശം നല്‍കുക, ജെറ്റ് സ്‌കീയിങ് നടത്തുന്നവര്‍ നീന്തല്‍ക്കാര്‍ക്ക് അരികിലേക്ക് വരുന്നത് തടയുക തുടങ്ങിയ പ്രതിരോധ പ്രവര്‍ത്തനങ്ങളും ഇതില്‍ ഉള്‍പ്പെടും. കൂടാതെ, 312 പ്രഥമശുശ്രൂഷാ കേസുകളും ഇക്കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തു.
2016ല്‍ സ്ഥാപിതമായ റോയല്‍ ലൈഫ് സേവിങ് ബഹ്‌റൈന്‍ സന്നദ്ധ സംഘടന നിലവില്‍ ആറ് ബീച്ചുകളിലാണ് സേവനം നല്‍കുന്നത്. സാമബേ, ബിലാജ് അല്‍ ജസായര്‍, സോളിമര്‍ ബീച്ച്, അഡ്രസ് ബീച്ച് റിസോര്‍ട്ട്, മറാസി ബീച്ച്, വിഡ ബീച്ച് റിസോര്‍ട്ട് മറാസി എന്നിവിടങ്ങളില്‍ സംഘടനയുടെ നിരീക്ഷണമുണ്ട്. കൂടുതല്‍ ബീച്ചുകളിലേക്ക് സേവനം വ്യാപിപ്പിക്കാന്‍ പദ്ധതിയുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞവര്‍ഷം ഈ ആറ് ബീച്ചിലായി ഏകദേശം മൂന്നര ലക്ഷത്തിലധികം സന്ദര്‍ശകരാണ് എത്തിയത്.
ബഹ്‌റൈനില്‍ പ്രതിവര്‍ഷം ശരാശരി 16 മുതല്‍ 30 വരെ മുങ്ങിമരണങ്ങള്‍ സംഭവിക്കുന്നുണ്ടെന്നാണ് കണക്ക്. പൊതുജനങ്ങളുടെ അവബോധമില്ലായ്മയും അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലെ കുറവുമാണ് മരണസംഖ്യ വര്‍ധിക്കാന്‍ പ്രധാന കാരണം. വേനല്‍ക്കാലത്ത് വാടകയ്ക്ക് നല്‍കുന്ന സ്വകാര്യ നീന്തല്‍ക്കുളങ്ങളിലാണ് അപകടങ്ങളില്‍ ഭൂരിഭാഗവും സംഭവിക്കുന്നതെന്നും സാം റഹ്‌മാന്‍ ചൂണ്ടിക്കാട്ടി.










0 comments