ad
Deshabhimani

14-ാമത് ഭരത് മുരളി നാടകോത്സവം; ശ്രദ്ധേയമായി ഓർമയുടെ 'പെഡ്രോ- ദി സൗണ്ട് ഓഫ് ഡെത്ത്'

pedro drama
വെബ് ഡെസ്ക്

Published on Jan 13, 2026, 03:23 PM | 1 min read

അബുദാബി/ ദുബായ്: അബുദാബി കേരള സോഷ്യൽ സെന്റർ സംഘടിപ്പിച്ച 14-ാമത് ഭരത് മുരളി നാടകോത്സവത്തിൽ എമിൽ മാധവിയുടെ 'പെഡ്രോ - ദി സൗണ്ട് ഓഫ് ഡെത്ത്' എന്ന നാടകം തിങ്ങിനിറഞ്ഞ സദസ്സിനു മുന്നിൽ അരങ്ങേറി. 14-ാമത് ഭരത് മുരളി നാടകോത്സവത്തിൽ നാലാമത്തെ നാടകമായാണ് പെഡ്രോ അവതരിപ്പിച്ചത്. നാടക പ്രേമികൾക്ക് മികച്ച നാടകാനുഭവവും ദൃശ്യവിസ്മയവും നൽകിയ പെഡ്രോ ദുബായ് ഓർമയാണ് രംഗത്തവതരിപ്പിച്ചത്.


ജീവിതവും, മരണവും, ഓർമ്മകളും, ആത്മാക്കളും, പാപവും എന്നിവയൊക്കെ ചേർന്ന കൊമാല എന്ന പ്രേത നഗരത്തിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്ന നാടകം മെക്സിക്കൻ ഗ്രാമജീവിതത്തിന്റെ സാമൂഹിക ആത്മിക തകർച്ചയെ ശക്തമായി അവതരിപ്പിച്ചു. ഏകാധിപത്യവും, അധികാരവും, സ്നേഹരാഹിത്യവും ഒരു സമൂഹത്തെയാകെ എങ്ങിനെ നശിപ്പിക്കുന്നു എന്ന് നാടകം നമ്മോടു പറയുന്നു.


pedro drama


ഒരു മണിക്കൂർ 40 മിനിറ്റ് ദൈർഘ്യമുള്ള നാടകത്തിൽ 38 അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരുമടക്കം 50 പേർ പങ്കെടുത്തു. ഹുവാൻ റുൽഫോയുടെ ലോകപ്രശസ്ത മെക്സിക്കൻ നോവൽ ‘പെഡ്രോ പരാമോ’യെ ആധാരമാക്കിയ നാടകാവിഷ്‌കാരം മാജിക്കൽ റിയലിസം ശൈലിയിലാണ്. 1955-ൽ പുറത്തിറങ്ങിയ 144 പേജുള്ള ഈ ചെറുനോവൽ നാല്പതിലധികം ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് വിലാസിനിയാണ്.


അഷറഫ് കിനാലൂരാണ് പെഡ്രോ പരാമോ ആയി നിറഞ്ഞാടിയത്. സൂസന്നയായി അംബുജം സതീഷും, ഫുൾഗോറായി ദിനേശ് കൃഷ്ണയും, ഹുവാനായി കെ കെ രാജേഷും, മിഖായേൽ പാരാമൊയായി സുധീഷ് ആളൂരും, ഡോളറോസായി പുതുമ ചന്ദ്രബാബുവും, ദയാദയായി സുജ അമ്പാട്ടും, ഭർത്തലേനയായി പി പി അഷറഫും, ഫാദർ റത്തേരിയയായി ബാബുരാജ് ഉറവയും വിവിധ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നു.

നിസാർ ഇബ്രാഹിമിന്റെ രംഗപടവും , ഷൈജുവിന്റെ സംഗീതവും, അലക്സ് സണ്ണിയുടെ പ്രകാശവിതാനവും, സനത് ഗുൽമോഹറിന്റെ വസ്ത്രാലങ്കാരവും സജീന്ദ്രൻ പുതൂരിന്റെ ചമയവും നാടകത്തെ കൂടുതൽ മികവുറ്റതാക്കി. ഭരത് മുരളി നാടകോത്സവത്തിലെ അഞ്ചാം ദിവസമായ ചൊവ്വാഴ്ച രാത്രി 8 മണിക്ക് ഒ ടി ഷാജഹാൻ രചനയും സംവിധാനവും നിർവഹിച്ച 'ധോമി കിത കിത ധോമി' തിയേറ്റർ ദുബായ് ഇന്റർനാഷണൽ കേരള സോഷ്യൽ സെന്ററിൽ അവതരിപ്പിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home