ദുബായിൽ പ്രധാന റോഡുകളുടെ അറ്റകുറ്റപ്പണി പൂർത്തിയായി

ദുബായ്: ദുബായിലെ ഒമ്പത് പ്രധാന റോഡുകളിലും ആറു മേഖലകളിലുമായി 17 കിലോമീറ്റർ ദൈർഘ്യമുള്ള ടാറിങ് റോഡുകളുടെ അറ്റകുറ്റപ്പണിയും നവീകരണ പ്രവർത്തനങ്ങളും പൂർത്തിയാക്കിയതായി ദുബായ് ആർടിഎ. വാർഷിക പ്രതിരോധ പരിപാലന പദ്ധതിയുടെ ഭാഗമായാണിത്. പ്രധാന റോഡുകൾ, താമസ മേഖലകൾ, വ്യാവസായിക മേഖലകൾ, സൈക്കിൾ പാതകൾ എന്നിവ പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുത്തി. ദുബായുടെ റോഡ് ശൃംഖല അന്താരാഷ-്‌ട്ര നിലവാരത്തിൽ നിലനിർത്താനും ഗതാഗത സൗകര്യം മെച്ചപ്പെടുത്താനും റോഡ് സുരക്ഷ വർധിപ്പിക്കാനുമുള്ള നടപടികളുടെ ഭാഗമായാണ് നവീകരണ പ്രവർത്തനങ്ങൾ. റോഡുകളിലെ കേടുപാടുകൾ ഗുരുതരമാകുംമുമ്പ് കണ്ടെത്താനായി ലേസർ സ-്‌കാനിങ് സാങ്കേതികവിദ്യയും എഐ അധിഷ്‌ഠിത സംവിധാനങ്ങളും ഉപയോഗിച്ചാണ് പരിശോധനകളും അറ്റകുറ്റപ്പണികളും നടത്തിയത്.
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, അൽ ഖവാനീജ് തെരുവ്, ബാഗ-്‌ദാദ് തെരുവ്, അൽ മനാമ തെരുവ്, അൾജീരിയ തെരുവ്, കിങ് സൽമാൻ ബിൻ അബ-്‌ദുൾ അസീസ് അൽ സൗദ് തെരുവ്, ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ തെരുവ്, റിയാദ് തെരുവ്, അമ്മാൻ തെരുവ്, അൽ വുഹൈദ തെരുവ്, സബീൽ പാലസ് തെരുവ് എന്നിവിടങ്ങളിലാണ് പ്രധാനമായും പ്രവർത്തനങ്ങൾ നടന്നത്.
മിർദിഫ്, അൽ ഗർഹൂദ്, സഅബീൽ–1, മർഗം, അൽ താനിയ ഫിഫ്ത്, ജബൽ അലി ഇൻഡസ്ട്രിയൽ–2 എന്നീ മേഖലകളിലെ ആന്തരിക റോഡുകളിലും വ്യാവസായിക മേഖലകളിലും അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി. പരിപാലന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ചിലയിടങ്ങളിൽ താൽക്കാലിക ഗതാഗത ക്രമീകരണങ്ങൾ നിലവിലുണ്ടാകാമെന്നും വാഹനമോടിക്കുന്നവർ മുന്നറിയിപ്പ് ബോർഡുകൾ പാലിച്ച് ജാഗ്രത പുലർത്തണമെന്നും ആർടിഎ അറിയിച്ചു.










0 comments