പൈതൃകം, ചരിത്രം രേഖപ്പെടുത്തൽ; പുരാവസ്‌തു സീസൺ ആരംഭിച്ച് ഒമാൻ

മസ്‌കത്ത് : രാജ്യത്തിന്റെ പൈതൃകം സംരക്ഷിക്കാനും ആയിരക്കണക്കിന് വർഷങ്ങളായി നിലനിൽക്കുന്ന ചരിത്രപരമായ തെളിവുകൾ രേഖപ്പെടുത്താനും ലക്ഷ്യമിട്ട് പുരാവസ്‌തു സീസൺ ആരംഭിച്ച് ഒമാൻ. പുരാവസ്‌തു പഠനമേഖലയിൽ പ്രാദേശിക ഗവേഷണ കേന്ദ്രമെന്ന നിലയിൽ ഒമാന്റെ സ്ഥാനം ശക്തിപ്പെടുത്താനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. 2025– 2026 പുരാവസ്‌തു ദൗത്യ സീസൺ എന്ന പേരിൽ പൈതൃക, ടൂറിസം മന്ത്രാലയമാണ് പദ്ധതി ആരംഭിച്ചത്.
ദേശീയ കേഡറുകളുടെ കഴിവുകൾ വർധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഫീൽഡ് പരിശീലന പരിപാടികൾക്ക് പുറമേ പുരാവസ്‌തു സർവേ, ഖനനം, ലബോറട്ടറി വിശകലന പഠനങ്ങൾ, ത്രീഡി ഡോക്യുമെന്റേഷൻ തുടങ്ങിയ നിരവധി പദ്ധതികൾ സീസണിൽ ഉൾപ്പെടുന്നു. ഈ സീസണിലെ പ്രവർത്തനങ്ങളുടെ ഭാഗമായി, സപിയൻസ സർവകലാശാലയിൽനിന്നുള്ള ഇറ്റാലിയൻ ശാസ്ത്ര ദൗത്യം നഖൽ, വാദി അൽ മാവിൽ എന്നീ വിലായത്തിലെ പുരാവസ്തു സ്ഥലങ്ങളിൽ പ്രവർത്തനം ആരംഭിച്ചു. ബിസി മൂന്ന്, ഒന്ന് നൂറ്റാണ്ടിലെ സ്ഥലങ്ങൾ സംഘം ഖനനം ചെയ്ത് പുരാവസ്‌തു സർവേ നടത്തുന്നു.
ഇതുവരെ 77-ൽ അധികം പുരാവസ്‌തു സവിശേഷതകൾ രേഖപ്പെടുത്തുന്നതിലേക്ക് നയിച്ചു. സ്ഥലങ്ങളുടെ ചരിത്രപരമായ പ്രാധാന്യത്തെ ഈ കണ്ടെത്തലുകൾ എടുത്തുകാണിക്കുന്നു. വെങ്കല, ഇരുമ്പ് യുഗങ്ങളിലും പ്രദേശത്ത് മനുഷ്യ പ്രവർത്തനങ്ങൾഉണ്ടായിരുന്നതായി സൂചിപ്പിക്കുന്നു. ഈ സീസണിലെ സമാപനത്തിൽ കണ്ടെത്തിയ പുരാവസ്തുക്കളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്താൻ പ്രദർശനം നടത്താൻ തീരുമാനിച്ചിട്ടുമുണ്ട്.








0 comments