'നിങ്ങൾ സ്ത്രീപക്ഷത്തോ, അതോ റേപ്പിസ്റ്റ് പക്ഷത്തോ?'; പ്രിയങ്ക ഗാന്ധിയോട് ചോദ്യവുമായി പി കെ ശ്രീമതി

തിരുവനന്തപുരം: കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗ പരാതി ഉയർന്നിട്ടും പ്രതികരിക്കാത്ത പ്രിയങ്ക ഗാന്ധിക്കെതിരെ വിമർശനവുമായി അഖിലേന്ത്യാ മഹിളാ അസോസിയേഷൻ ദേശീയ പ്രസിഡന്റ് പി കെ ശ്രീമതി. 'വയനാട് എംപി വാ തുറക്കാത്തത് എന്ത്?, നിങ്ങൾ സ്ത്രീ പക്ഷത്തോ അതോ റേപിസ്റ്റ് പക്ഷത്തോ, ഉത്തരം പറയൂ പ്രിയങ്കേ'- എന്ന് പി കെ ശ്രീമതി ഫെയ്സ്ബുക്കിൽ കുറിച്ചു. രാഹുൽ മങ്കൂട്ടത്തിലിനെതിരെ ഇരുപത്തിമൂന്നുകാരി രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, സണ്ണി ജോസഫ് എന്നിവർക്കാണ് പരാതി നൽകിയത്. എന്നാൽ വിഷയത്തിൽ പ്രിയങ്ക ഇതുവരെ പ്രതികരിച്ചിട്ടില്ല.
യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയും അശാസ്‌ത്രീയ ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയും ചെയ്‌ത കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോഴും ഒളിവിലാണ്. ലൈംഗികാതിക്രമത്തിന് ഇരയായതായി യുവതി മുഖ്യമന്ത്രിയ്ക്ക് ഉൾപ്പെടെ നൽകിയ പരാതിയിലാണ് കേസെടുത്തത്. രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ ഒന്നാംപ്രതിയും ഗർഭഛിദ്രത്തിന് മരുന്നെത്തിച്ച മാങ്കൂട്ടത്തിലിന്റെ സുഹൃത്ത് പത്തനംതിട്ട അടൂർ സ്വദേശി ജോബി ജോസഫ് രണ്ടാം പ്രതിയുമാണ്. ജീവപര്യന്തം തടവുശിക്ഷവരെ കിട്ടാവുന്ന ബലാത്സംഗക്കുറ്റമാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയിട്ടുള്ളത്.
രാഹുൽ ഗർഭഛിദ്രത്തിന് മരുന്ന് കഴിക്കാൻ നിർബന്ധിക്കുന്നതിന്റെയും ഭീഷണിപ്പെടുത്തുന്നതിന്റെയും ശബ്ദസന്ദേശം തെളിവായി നൽകിയിരുന്നു. മരുന്ന് കഴിച്ചതായി വീഡിയോ കോളിലൂടെ ഉറപ്പാക്കുന്നുമുണ്ട്. മറ്റൊരു വാട്സ് ആപ്പ് ചാറ്റിൽ "എനിക്ക് നിന്നെ ഗർഭിണി ആക്കണം. നമ്മുടെ കുഞ്ഞ് വേണം' എന്ന് മാങ്കൂട്ടത്തിൽ പറയുന്നുണ്ട്. പെൺകുട്ടിയെ ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്ന ശബ്ദരേഖയും പുറത്തുവന്നിരുന്നു. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ഗർഭഛിദ്രത്തിനുള്ള മരുന്ന് വാങ്ങുന്നതും ഉപയോഗിക്കുന്നതും ക്രിമിനൽ കുറ്റമാണ്.
അതേസമയം, രാഹുലിനായി കേരളത്തിലും അയൽ സംസ്ഥാനങ്ങളിലും വ്യാപക തിരച്ചിൽ നടത്തുന്നുണ്ട്. ബാംഗ്ലൂരിൽ ഒളിച്ചുതാമസിക്കുന്നതായി സൂചനയുണ്ട്. ഇന്നലെ രാഹുലിനെതിരെ കെപിസിസിക്ക് ലഭിച്ച ലൈംഗിക പീഡന പരാതി കെപിസിസി നേതൃത്വം ഡിജിപിക്ക് കൈമാറിയിരുന്നു. ഇതും എസ്ഐടി പരിഗണിക്കുന്നുണ്ട്.








0 comments