ക്രിസ്മസ്, പുതുവത്സര സമ്മാനം; ക്ഷേമ പെൻഷൻ 15 മുതൽ

തിരുവനന്തപുരം: ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ പ്രമാണിച്ച് ഡിസംബറിലെ ക്ഷേമ പെൻഷൻ ഈ മാസം 15 മുതൽ വിതരണം ആരംഭിക്കും. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് വർധിപ്പിച്ച തുകയായ 2000 രൂപ വീതമാണ് ലഭിക്കുക. ഇതിനായി 1045 കോടി രൂപ ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അനുവദിച്ചു.
62 ലക്ഷത്തോളം പേർക്കാണ് പെൻഷൻ ലഭിക്കുന്നത്. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. 8.46 ലക്ഷം പേർക്കുള്ള കേന്ദ്ര വിഹിതവും സംസ്ഥാന സർക്കാർ മുൻകൂർ അനുവദിച്ചിട്ടുണ്ട്.നവംബറിൽ വർധിപ്പിച്ച ക്ഷേമപെൻഷനടക്കം 3600 രൂപ ഒരാളുടെ കൈകളിലെത്തിയിരുന്നു. നേരത്തെയുണ്ടായിരുന്ന കുടിശ്ശികയുടെ അവസാന ഗഡുവായ 1600 രൂപയും നവംബറിലെ 2000 രൂപയുമാണ് വിതരണം ചെയ്തത്.
കേന്ദ്രസർക്കാർ സംസ്ഥാനത്തിനുമുകളിൽ ചുമത്തുന്ന സാമ്പത്തിക ഉപരോധങ്ങളെ നേരിട്ടും അർഹരായവർക്കെല്ലാം സർക്കാർ ക്ഷേമപെൻഷൻ വിതരണം ചെയ്യുകയായിരുന്നു. ക്ഷേമപെൻഷൻ 600 രൂപയിൽ നിന്ന് 2000 രൂപയായി വർധിപ്പിച്ചത് പിണറായി സർക്കാരുകളാണ്. 2011ലെ ഉമ്മൻചാണ്ടി സർക്കാർ 100 രൂപ വർധിപ്പിച്ച് 600 രൂപയാക്കിയ ക്ഷേമപെൻഷൻ ഒന്നാം പിണറായി സർക്കാർ 1600 രൂപയിലേക്ക് ഉയർത്തി. അത് ഈ സർക്കാർ 2000 രൂപയായി വർധിപ്പിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ പ്രഖ്യാപിച്ച് അടുത്ത സർക്കാരിന് ബാധ്യതയാക്കാനാണ് ക്ഷേമപെൻഷൻ കൂട്ടിയത് എന്നായിരുന്നു തുക വർധിപ്പിച്ചുള്ള പ്രഖ്യാപനത്തോട് കോൺഗ്രസിന്റെ പ്രതികരണം.








0 comments