'എനിക്കും മണികണ്ഠനും കഥാപശ്ചാത്തലവുമായി നല്ല ബന്ധമുണ്ട്; ദുൽഖറാണ് കൂടുതൽ കമ്മട്ടിപ്പാടത്തിനായി കഷ്ടപ്പെട്ടത്' : വിനായകൻ

കൊച്ചി: തനിക്കും മണികണ്ഠനും കഥാപശ്ചാത്തലവുമായി നല്ല ബന്ധമുണ്ടെന്നും എന്നാൽ കൂടുതൽ കമ്മട്ടിപ്പാടത്തിനായി കഷ്ടപ്പെട്ട ദുൽഖറിന് അവാർഡ് ലഭിക്കണമായിരുന്നുവെന്നും വിനായകൻ. പുതിയ ചിത്രമായ കളങ്കാവലിന്റെ ഭാഗമായി ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ വിനായകൻ പറഞ്ഞു.

'ദുൽഖറിന്റെ ഏറ്റവും മികച്ച പെർഫോമൻസാണ് കമ്മട്ടിപ്പാടത്തിലേത്. കഥാപാത്രത്തിന്റെ ലൈഫ്സ്റ്റൈലിൽ നിന്ന് നേരെ ഓപ്പോസിറ്റാണ് ദുൽഖർ. എന്നാൽ നമ്മൾ ഇതിൽ ജീവിക്കുന്നവരാണ്. ദുൽഖർ പുറത്തുനിന്നു ഇങ്ങോട്ട് വന്നു വീണതാണ്'- വിനായകൻ കൂട്ടിച്ചേർത്തു.
47-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടൻ, മികച്ച സഹനടൻ, മികച്ച കലാസംവിധായകൻ, മികച്ച എഡിറ്റിംഗ് എന്നീ അവാർഡുകൾ രാജീവ് രവി ചിത്രത്തിന് ലഭിച്ചിരുന്നു.
പഴയ കാലഘട്ടത്തിലെ കൊച്ചി നഗരത്തിലെ യുവാക്കളുടെയും നഗരത്തിന്റെയും കഥ പറയുന്നതായിരുന്നു ചിത്രം. നഗരഹൃദയമായ കെഎസ്ആര്‍ടിസി ബസ്സ്സ്റ്റാന്റിനു സമീപം റെയില്‍വേ ലൈനിന് കിഴക്ക് വശത്ത് കണ്ണെത്താത്ത ദൂരെയായി കിടന്ന പാടം ആണ് കമ്മട്ടിപ്പാടം എന്ന പ്രദേശം.

നഗരവികസനം വരുന്നതിന് മുന്‍പുള്ള ജനങ്ങളുടെ അവസ്ഥ പറയുന്ന ചിത്രത്തിന്റെ കഥ രാജീവ് രവിയും തിരക്കഥ എഴുത്തുകാരനും നടനുമായ പി ബാലചന്ദ്രനുമാണ് രചിച്ചത്. മധു നീലകണ്ടനായിരുന്നു ക്യാമറ.
മമ്മൂട്ടി, വിനായകന്‍ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന 'കളങ്കാവ'ലിന്റെ കേരളാ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് തിങ്കളാഴ്ച ആരംഭിച്ചു. ബുക്കിങ് ആരംഭിച്ച നിമിഷം മുതല്‍ തന്നെ ചിത്രം ബുക്ക് മൈഷോയില്‍ ട്രെന്‍ഡിങ് ആയിരിക്കുകയാണ്. പതിനായിരത്തിനു മുകളില്‍ ടിക്കറ്റുകളാണ് ബുക്കിങ് ആരംഭിച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ചിത്രത്തിന്റേതായി ബുക്ക് മൈ ഷോ ആപ്പിലൂടെ വിറ്റു പോയത്.
ഡിസംബര്‍ അഞ്ചിനാണ് ചിത്രം ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുക. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രം വേഫെറര്‍ ഫിലിംസ് ആണ് കേരളത്തില്‍ വിതരണം ചെയ്യുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ ജോസും ചേര്‍ന്ന് തിരക്കഥ രചിച്ച 'കളങ്കാവല്‍', മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്.







0 comments